congress

പാലക്കാട്: നഗരസഭയുടെ റോഡുകൾ നന്നാക്കാൻ പാലക്കാട് ടൗൺ നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭിക്ഷാടനം നടത്തി ലഭിച്ച സംഖ്യ നഗരസഭാ സെക്രട്ടറിയെ ഏൽപ്പിച്ചു. നഗരസഭയിലെ 150 കിലോമീറ്റർ വരുന്ന റോഡുകൾ പൊളിഞ്ഞത് പ്രവർത്തകർ പലതവണ നഗരസഭ സെക്രട്ടറിയുടെയും ചെയർപേഴ്സണിന്റെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടും അറ്റകുറ്റപ്പണികൾ നടത്താൻ അധികൃതർ തയ്യാറായില്ല. സാമ്പത്തിക ബുദ്ധിമുട്ടാണ് പ്രതിസന്ധിക്ക് കാരണം. ഈ പാശ്ചാത്തലത്തിലാണ് കോൺഗ്രസ് കമ്മിറ്റി പൊതുജനങ്ങളിൽ നിന്നും ഭിക്ഷാടനം നടത്തിയത്. ലഭിച്ച സംഖ്യ മണ്ഡലം പ്രസിഡന്റ് സി.വി. സതീഷിന്റെ നേതൃത്വത്തിൽ നഗരസഭാ സെക്രട്ടറിയെ ഏൽപ്പിച്ചു. വരും ദിവസങ്ങളിൽ നഗരസഭയിലെ 52 വാർഡിലും പ്രവർത്തകർ ഭവന സന്ദർശനം നടത്തി പണം സ്വരൂപിച്ച് നൽകി നഗരസഭയെ സഹായിക്കാൻ തയ്യാറാണെന്ന് ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പൻ പ്രതിഷേധം ഉദ്ഘാടനം ചെയ്ത് പറഞ്ഞു.

ഭിക്ഷാടന സമരത്തിൽ മണ്ഡലം പ്രസിഡന്റ് സി.വി. സതീഷ് അദ്ധ്യക്ഷത വഹിച്ചു. മുൻ ഡി.സി.സി ഭാരവാഹി കെ. ഭവദാസ്, പാർലമെന്ററി പാർട്ടി ലീഡർ സാജോ ജോൺ, ബി. സുഭാഷ്, സുധാകരൻ പ്ലാക്കാട്, ഡി. ഷജിത് കുമാർ, എ. കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.