 
പാലക്കാട്: നിയമങ്ങൾ ലംഘിച്ച് സർവീസ് നടത്തുന്ന വാഹനങ്ങൾക്കെതിരെ ജില്ലാ മോട്ടോർ വാഹന വകുപ്പ് നടത്തിയ ഓപറേഷൻ ഫോക്കസ് 3 പരിശോധനയിൽ 12 ദിവസത്തിനിടെ ജില്ലയിൽ കേസെടുത്തത് 1676 വാഹനങ്ങൾക്കെതിരെ. ഇത്രയും കേസുകളിലായി 28,99,040 രൂപ പിഴയും ചുമത്തി. വാഹനങ്ങളുടെ രൂപമാറ്റം, അമിതവേഗത, ലൈറ്റ്, എയർഹോൺ, കളർകോഡ് തുടങ്ങിയവയാണ് പരിശോധിക്കുന്നത്. ഒക്ടോബർ ഏഴു മുതലാണ് ജില്ലയിൽ പരിശോധന ആരംഭിച്ചത്.
മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ രൂപമാറ്റം വരുത്തിയ 85 വാഹനങ്ങൾക്കും സ്‌പീഡ് ഗവർണർ ഇല്ലാത്ത 116 വാഹനങ്ങൾക്കും അനധികൃതമായി ലൈറ്റുകൾ ഘടിപ്പിച്ച 1238 വാഹനങ്ങൾക്കും എതിരെയാണ് കേസെടുത്തത്. എയർഹോൺ ഘടിപ്പിച്ച 231 വാഹനങ്ങൾക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 72 വാഹനങ്ങളുടെ ഫിറ്റ്നസ് റദ്ദാക്കി. എട്ട് പേരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. ഇതിൽ 21 ടൂറിസ്റ്റ് വാഹനങ്ങളും ഏഴ് കെ.എസ്.ആർ.ടി.സി ബസുകളും 44 സ്വകാര്യ ബസുകളും ഉൾപ്പെടുന്നു.
ആർ.ടി.ഒ ടി.എം. ജേഴ്സൺന്റെയും എൻഫോഴ്സ്‌മെന്റ് വിഭാഗം ആർ.ടി.ഒ എം.കെ ജയേഷ് കുമാറിന്റെയും നേതൃത്വത്തിലാണ് ജില്ലയിൽ പരിശോധനകൾ നടത്തുന്നത്.
സ്‌പീഡ് ഗവർണർ ലംഘിക്കുന്ന വാഹനങ്ങളുടെ ഫിറ്റ്നസ് റദ്ദാക്കുന്നുണ്ട്. അത്തരം വാഹനങ്ങൾക്ക് സ്‌പീഡ് ഗവർണർ ഘടിപ്പിച്ച് വീണ്ടും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എടുത്തതിനു ശേഷം മാത്രമേ സർവീസ് നടത്താനാകൂ. അനധികൃതമായി അലങ്കാര ലൈറ്റുകൾ, എൽ.ഇ.ഡി ലൈറ്റുകൾ തുടങ്ങിയവ ഘടിപ്പിച്ച വാഹനങ്ങൾക്ക് ലൈറ്റുകൾ മാറ്റിയതിന് ശേഷം മാത്രമാണ് സർവീസ് അനുവദിക്കുന്നത്. ഒപ്പം പിഴയും ഈടാക്കുന്നുണ്ട്. വലിയ ശബ്ദമുണ്ടാക്കുന്ന സ്‌പീക്കറുകളും ഒഴിവാക്കാൻ നടപടി സ്വീകരിക്കുന്നുണ്ട്. പിഴ അടയ്ക്കാത്ത വാഹനങ്ങളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തും
- ടി.എം ജേഴ്സൺ, ആർ.ടി.ഒ