accident

ആരുടെയും പരിക്ക് ഗുരുതരമല്ല

ചിറ്റൂർ: വിദ്യാർത്ഥികളെ കയറ്റുന്നതിനായി നിറുത്തിയ സ്‌കൂൾ ബസിന് പിറകിൽ സ്വകാര്യ ബസിടിച്ച് സ്‌കൂൾ കോളജ് വിദ്യാർത്ഥികളടക്കം മുപ്പത്തഞ്ചോളം പേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ ഒമ്പതോടെ മേനോൻപാറ പുഴ പാലത്തിനു സമീപത്തായിരുന്നു അപകടം. വേലന്താവളം ഭാഗത്തു നിന്ന് സ്‌കൂൾ വിദ്യാർത്ഥികളുമായി വന്ന കരുവപ്പാറ സെന്റ് ഫാൻസിസ് സ്‌കൂളിന്റെ ബസിലാണ് വേലന്താവളത്തു നിന്നും കൊല്ലങ്കോട്ടേക്കു പോകുകയായിരുന്ന സ്വകാര്യ ബസ് ഇടിച്ചത്.

മേനോൻപാറ പാലത്തിനു സമീപത്തു വച്ച് മുൻപിലുണ്ടായിരുന്ന ബസിനെ മറികടന്ന് വളവിലേക്കു തിരിഞ്ഞ ബസിനു നേരെ എതിർ ദിശയിൽ നിന്നു ലോറി വന്നതോടെ ഇടിക്കാതിരിക്കാനായി വെട്ടിച്ചതോടെയാണ് സ്‌കൂൾ ബസിന്റെ പിറകിൽ ഇടിച്ചതെന്ന് നാട്ടുകാർ പറഞ്ഞു.

കൊഴിഞ്ഞാമ്പാറ സെന്റ് പോൾസ് സ്‌കൂൾ, ചിറ്റൂർ ഗവ. വിക്ടോറിയ ഗേൾസ് സ്‌കൂൾ, നാട്ടുകൽ ഗവ. കോളജ് എന്നിവിടങ്ങളിലെ വിദ്യാർത്ഥികളും മറ്റു ജോലികൾക്കായി പോകുന്നവരും സ്വകാര്യ ബസിലുണ്ടായിരുന്നു. പരിക്കേറ്റവരെ നാട്ടുകാരും പൊലീസും ചേർന്ന് നാട്ടുകല്ലിനെയും കോഴിപ്പാറയിലെയും സ്വകാര്യ ആശുപതികളിൽ പ്രവേശിപ്പിച്ചു. പത്തോളം സ്‌കൂൾ വിദ്യാർത്ഥികൾക്ക് കൈകൾക്ക് പൊട്ടലുണ്ട്.