
പാലക്കാട്: ഗോത്ര സംസ്‌കാരത്തെ അടുത്തറിയാൻ അട്ടപ്പാടിയിലെ മുക്കാലി എം.ആർ.എസിൽ ആരംഭിച്ച 'തവിലോസെ' (അട്ടപ്പാടിയിലെ ഇരുള വിഭാഗത്തിന്റെ വാദ്യോപകരണത്തിന്റെ ശബ്ദം) പദ്ധതിയുടെ ഭാഗമായി എം.ആർ.എസിൽ ഗോത്രഭാഷാ അസംബ്ലി സംഘടിപ്പിച്ചു. ഇരുള ഭാഷയിൽ സംഘടിപ്പിച്ച അസംബ്ലിയിൽ വിദ്യാർത്ഥികൾ പ്രാർത്ഥന, വാർത്താവതരണം, ചിന്താവിഷയം, ലഘു പ്രഭാഷണം, അദ്ധ്യാപക അറിയിപ്പ് എന്നിവ ഗോത്രഭാഷയിൽ അവതരിപ്പിച്ചു. 475ഓളം വിദ്യാർത്ഥികൾ അസംബ്ലിയിൽ പങ്കെടുത്തു.
വിദ്യാർത്ഥികൾ ഗോത്ര സംസ്‌കാരത്തെ കൂടുതൽ അടുത്ത് അറിയുന്നതോടൊപ്പം തനത് കലാരൂപം, കൃഷി, ഭക്ഷണരീതി, പാരമ്പര്യ ചികിത്സ തുടങ്ങിയവയിൽ പഠനം നടത്തി ഗോത്ര സംസ്‌കാരത്തെ മനസിലാക്കുന്നതിനും പുറംലോകത്തെ അറിയിക്കുന്നതിനുമായാണ് തവിലോസെ പദ്ധതി നടപ്പാക്കുന്നത്. തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനാചരണത്തോട് അനുബന്ധിച്ച് ആഗസ്റ്റ് ഒമ്പതിന് എം.ആർ.എസിൽ ജില്ലാ കളക്ടർ മൃൺമയി ജോഷിയാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്. പദ്ധതിയുടെ ഭാഗമായി 2022 സെപ്തംബർ മുതൽ 2023 ഫെബ്രുവരി വരെ കലണ്ടർ തയ്യാറാക്കി ഓരോ മാസവും ഓരോ പ്രവർത്തനങ്ങളാണ് സ്‌കൂളിൽ നടപ്പാക്കുന്നത്. പ്രധാന അദ്ധ്യാപകൻ സന്തോഷ്, അദ്ധ്യാപകരായ ജ്യോതി, അജേഷ്, സുബിൻ, സുജാത, അനുപ്രിയ, പ്രിയ, സുധ എന്നിവർ അസംബ്ലിക്ക് നേതൃത്വം നൽകി.