sreehan

പാലക്കാട്: ഒരാൾക്ക് ഒറ്റയടിക്ക് ഗൂഗിൾ നോക്കാതെ എത്ര രാജ്യങ്ങളുടെ പേരുപറയാനും അവയുടെ പതാകകൾ തിരിച്ചറിയാനും കഴിയും. 195 യു.എൻ അംഗീകൃത രാജ്യങ്ങളെയും അവയുടെ പതാകകളും പറയും ആറു വയസുകാരൻ ശ്രീഹാൻ. രണ്ടര മിനുട്ടിൽ രാജ്യങ്ങളുടെ പേരു പറഞ്ഞ് ഇന്ത്യൻ ബുക്ക് ഒഫ് റെക്കാഡ്സിൽ ഇടം നേടിയിരിക്കുകയാണ് ആറു വയസുകാരനായ ശ്രീഹാൻ. പാലക്കാട് പൂടൂർ സ്വദേശി ശ്രീജിത്തിന്റെയും നിധിനയുടെയും മകനായ ശ്രീഹാൻ ആനിക്കോട് സരിഗാ പബ്ലിക് സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ്.

മൂന്നു വയസുള്ളപ്പോഴാണ് ശ്രീഹാന്റെ ചില കഴിവുകൾ രക്ഷിതാക്കളുടെ ശ്രദ്ധയിൽപ്പെടുന്നത്. കാണുന്ന പാറ്റേണുകൾ ചിത്രങ്ങളൊക്കെ മനസിൽ പതിയുകയും പരസ്പരം ബന്ധിപ്പിച്ചു ഓർത്തുവെക്കാനുമുള്ള കഴിവും തിരിച്ചറിയുകയായിരുന്നു.

അതിനു ശേഷമാണ് നിധിന കുട്ടിക്ക് വിവിധ രാജ്യങ്ങളുടെ പേരും പതാകയും രേഖപ്പെടുത്തിയ കാർഡുകൾ നൽകുന്നത്. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ അതു മുഴുവനും ഹൃദിസ്ഥമാക്കുകയും 195 രാജ്യങ്ങളുടെയും പതാകകൾ നാല് മിനുട്ടിൽ കൃത്യമായി അടയാളപ്പെടുത്തുകയും ചെയ്തു. ഇതാണ് ശ്രിഹാനുവിനെ ഇന്ത്യൻ ബുക്ക് ഒഫ് റെക്കാ‌ഡ്സിൽ ഇടം നേടിക്കൊടുത്തത്. ഇതിന്റെ സന്തോഷത്തിലാണ് ശ്രീഹാന്റെ രക്ഷിതാക്കളും അദ്ധ്യാപകരും കൂട്ടുകാരും.

സതേൺ റെയിൽവേയിൽ സേലം ഡിവിഷനിലെ ലോക്കോ പൈലറ്റാണ് ശ്രീജിത്. ഭാര്യ നിധിന ഹൗസ് വൈഫാണ്. അനിയത്തി നിതാര.

ദിനോസറുകൾ ചങ്കാണ്

ദിനോസറുകളോട് ശ്രീഹാൻ താല്പര്യം കാണിച്ചിരുന്നു. 50 ഓളം ദിനോസറുകൾ അവയുടെ പ്രത്യേകതകളൊക്കെ ഹൃദിസ്ഥം. ഏതെങ്കിലുമൊരു ദിനോസർ സ്പീഷിസ് പറഞ്ഞാൽ അപ്പോൾ തന്നെ സ്‌പെസിഫിക്കായ ചിത്രം വരച്ചുകളയും ഈ കൊച്ചുമിടുക്കൻ. കൃത്യമായ ജൈവിക പ്രത്യേകതകൾ മുഴുവനും അതിൽ കാണുകയും ചെയ്യും.