citu

മണ്ണാർക്കാട്: തൊഴിലാളികളില്ലാതെ സാമൂഹ്യ മാറ്റം സാധ്യമല്ലെന്ന് സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ പറഞ്ഞു. തൊഴിലാളികളുടെ അധ്വാനമാണ് രാജ്യത്തിന്റെ സമ്പത്ത്. രാജ്യത്തിന്റെ ഭരണകൂടം മതേതരത്വം അംഗീകരിക്കുന്നില്ല. രാജ്യ പുരോഗതിയല്ല, ഹിന്ദുത്വം സ്ഥാപിക്കലാണ് മോദിയുടെ നയം. സ്വകാര്യവത്കരണം രാജ്യത്തിന്റെ സ്വാതന്ത്രം അപകടത്തിലാക്കും.
ഗവർണറെ ഉപയോഗപ്പെടുത്തിയും സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി ജനങ്ങളെ സംസ്ഥാന സർക്കാറിനെതിരെ തിരിക്കുന്നതിനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മണ്ണാർക്കാട് നടന്ന സി.ഐ.ടി.യു 15-ാം പാലക്കാട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.ഐ.ടി.യു
ജില്ലാ പ്രസിഡന്റ് പി.കെ.ശശി പതാക ഉയർത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്. തുടർന്ന് രക്തസാക്ഷി പ്രമേയം, അനുശോചന പ്രമേയം, വിവിധ കമ്മിറ്റികളുടെ തെരഞ്ഞെടുപ്പ്, പൊതുചർച്ച എന്നിവ നടന്നു. സംസ്ഥാന ജില്ലാ നേതാക്കളായ കെ.ബിനുമോൾ, എ.കെ ബാലൻ, കെ.എൻ ഗോപിനാഥ്, എം.പി ജോസഫ്, വി.സി.കാർത്ത്യായനി, എം.ഹംസ, എൻ.എൻ കൃഷ്ണദാസ് തുടങ്ങിയവർ പങ്കെടുത്തു. സമ്മേളനം ഞായറാഴ്ച്ച തുടരും. തിങ്കളാഴ്ച്ച നടക്കുന്ന പൊതു സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.