
ചിറ്റൂർ: ന്യൂട്ടൺ സയൻസ് ക്ലബ്ബും ജി.യു.പി.എസ് തത്തമംഗലം സയൻസ് ക്ലബ്ബും സംയുക്തമായി ശാസ്ത്രത്തിന് പിന്നിലെ അത്ഭുതങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കി കുട്ടികൾക്കായി ശാസ്ത്ര പരീക്ഷണങ്ങൾ സംഘടിപ്പിച്ചു. മദ്യത്തിലെ അപകടകരമായ രാസ സാന്നിധ്യം, മദ്യം കുടിച്ചാൽ ഉണ്ടാക്കുന്ന ദോഷഫലങ്ങൾ, വിപണിയിൽ നിന്ന് ലഭിക്കുന്ന കൃത്രിമ ജ്യൂസുകളിൽ അടങ്ങിയിരിക്കുന്ന രാസപദാർത്ഥങ്ങൾ, ചോക്ക് ഉപയോഗിച്ചുള്ള മണ്ണെണ്ണ വിളക്ക്, തീപ്പെട്ടിയോ തീയോ ഇല്ലാതെ തീ കത്തിക്കുന്ന രാസപ്രവർത്തനം, ഒരാണിയുടെ മേൽ 10 ആണികൾ ബാലൻസിൽ നിലനിറുത്തുന്ന വിധം, വിവിധ ലായനികളിൽ സൂചകങ്ങളുടെ സാന്നിധ്യം എന്നിങ്ങനെ 25 ഓളം പരീക്ഷണങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തി. വിപ് നെറ്റ് കേരള ക്ലസ്റ്റർ കോ ഓർഡിനേറ്ററും ന്യൂട്ടൺ സയൻസ് ക്ലബ്ബിന്റെ കോ ഓർഡിനേറ്ററുമായ ജോസ് ഡാനിയേൽ പരീക്ഷണങ്ങൾക്ക് നേതൃത്വം നൽകി. ജി.യു.പി.എസ് പ്രധാനദ്ധ്യാപിക, പി.ടി.എ പ്രസിഡന്റ്, മറ്റ് അദ്ധ്യാപകർ തുടങ്ങിയവർ സംസാരിച്ചു.