
നെന്മാറ: കുലച്ച വിവിധ ഇനം വാഴകൾ കുത്തിമറിച്ചും ചവിട്ടിയും തിന്നും കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചു. പോത്തുണ്ടി മാട്ടായി പൂങ്ങോട് പ്രദേശങ്ങളിലെ വീട്ടുവളപ്പുകളിലും കനാൽ ബണ്ടുകളിലെ തീറ്റപ്പുൽ കൃഷിയോട് അനുബന്ധിച്ചും കൃഷി ചെയ്ത വാഴകളാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി അടുപ്പിച്ചെത്തിയ കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചത്. പൂങ്ങോട് തോമസ്, അസീസ്, തുടങ്ങിയ കർഷകരുടെ 50 കുലച്ച വാഴകൾ നശിപ്പിച്ചിട്ടുണ്ട്. 12500 രൂപയുടെ നഷ്ടവും ഒരു വർഷത്തെ അധ്വാനവും നഷ്ടമായെന്ന് കർഷകർ പറഞ്ഞു. മേഖലയിൽ കൊയ്ത്തു തീർന്നതോടെയാണ് കാട്ടു പന്നിക്കൂട്ടം വാഴകൾ നശിപ്പിക്കാൻ തുടങ്ങിയത്. പന്നിക്കൂട്ടം ആക്രമണ ഭീഷണി ഉയർത്തുന്നതിനാൽ കർഷകർക്ക് കാവൽ നിൽക്കാനും ഭയമാണ്. വനമേഖലയോടു ചേർന്നുള്ള സൗരോർജ്ജ വൈദ്യുതവേലി കാര്യക്ഷമമായി പ്രവർത്തിക്കാത്തതും കാട്ടുപന്നികളെ തടയാൻ തക്ക ശേഷി വൈദ്യുത വേലിക്ക് ഇല്ലാത്തതും പന്നിക്കൂട്ടം കൃഷിയിടങ്ങളിലും വീട്ടുവളപ്പിലും എത്തുന്നത് പതിവായതായി മാട്ടായി പൂങ്ങോട് കോതശേരി പ്രദേശങ്ങളിലുള്ളവർ പരാതിപ്പെട്ടു. വൈകുന്നേരങ്ങളിൽ തളിപ്പാടം പോത്തുണ്ടി കനാൽ ബണ്ട് റോഡിലൂടെ യാത്ര ചെയ്യുന്നവർക്കും കാട്ടുപന്നിക്കൂട്ടം ഭീഷണിയായി മാറുന്നുണ്ട്.