
ഒരു വർഷത്തിനുള്ളിൽ പൊലിഞ്ഞത് ഒമ്പതു ജീവൻ
ചിറ്റൂർ: നല്ലേപ്പിള്ളി കൊഴിഞ്ഞാമ്പാറ സംസ്ഥാന പാതയിൽ നല്ലേപ്പിള്ളി മുതൽ നാട്ടുകൽ വരെയുള്ള മൂന്ന് കിലോ മീറ്ററിനുള്ളിൽ വാഹനാപകടങ്ങൾ വർദ്ധിക്കുന്നു. ഈ റോഡിൽ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ പൊലിഞ്ഞത് ഒമ്പത് ജീവനുകളാണ്.
കഴിഞ്ഞ ഞായറാഴ്ച രാത്രിയിൽ വാളറയ്ക്കും നാട്ടുകല്ലിനു ഇടയിൽ ഗ്യാസ് കമ്പനിക്കു മുമ്പിൽ ഇരു ചക്രവാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു യുവാക്കളുടെ ജീവനാണ് നഷ്ടപ്പെട്ടത്. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഏതാനും മാസങ്ങൾക്ക് മുമ്പ് ഈ സ്ഥലത്തു തന്നെ നടന്ന അപകടത്തിൽ രണ്ടു ജീവൻ നഷ്ടപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവിടെ നിന്ന് 100 മീറ്റർ അകലെയായി തോട്ടത്തു കളം റോഡ് പിരിവിൽ അച്ഛനും മകനും സഞ്ചരിച്ച ഇരുചക്ര വാഹനം അപകടത്തിൽപ്പെട്ട് അച്ഛൻ മരിച്ചിരുന്നു. മകന് സാരമായി പരിക്കേൽക്കുകയും ചെയ്തു.
വാളറ ജംഗ്ഷനിൽ മാത്രം രണ്ടു ജീവൻ വാഹനാപകടത്തിൽ പൊലിഞ്ഞു. നല്ലേപ്പിള്ളി മാട്ടുമന്ത ജംഗ്ഷനും വാളറയ്ക്കും ഇടയിൽ തോട്ടുപാലത്തിന് സമീപത്തായി കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ നടന്ന അപകടങ്ങളിൽ രണ്ടു പേർക്ക് ജീവഹാനി സംഭവിച്ചു. കൂടാതെ ചെറുതും വലുതുമായുണ്ടായ അപകടങ്ങളിൽ വികലാംഗരും പരസഹായമില്ലാതെ ജീവിക്കാൻ പറ്റാതായവരും നിരവധിയാണ്. ഇത് ഒരു വർഷത്തിനുളളിൽ നടന്ന അപകടക്കണക്കാണെങ്കിൽ അതിനു മുമ്പ് പല സമയങ്ങളിലായി നൂറുകണക്കിന് അപകടങ്ങളാണ് ഈ മൂന്ന് കിലോമീറ്റർ പരിധിയിൽ നടന്നിട്ടുള്ളത്.
നടപടികൾ മറന്ന് അധികൃതർ
കുരുതിക്കളങ്ങൾ ആവർത്തിക്കുമ്പോഴും കാരണം കണ്ടെത്തി അപകടങ്ങൾ നിയന്ത്രിക്കാനുള്ള നടപടികൾ സ്വീകരിക്കാത്ത അധികൃതരുടെ അലംഭാവത്തിൽ ജനരോഷം ശക്തമാണ്. അപകടങ്ങൾ ഒഴിവാക്കാൻ ശക്തമായ നടപടികൾ ഉണ്ടാകണമെന്നാണ് ജനങ്ങളുടെ ആവശ്യം
അമിതവേഗതയിൽ അപകടം അരികെ
വാഹനങ്ങളുടെ അമിത വേഗത അപകടങ്ങൾക്ക് മുഖ്യകാരണമാണ്. റോഡ് അരികുകളിൽ വളർന്നു നിൽക്കുന്ന പാഴ്‌ചെടികളും അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നു. പാഴ്ചെടികൾ വളർന്നു നിൽക്കുന്ന സ്ഥലങ്ങളിൽ അമിത വേഗതയിൽ വരുന്ന വാഹനങ്ങൾ എതിരെ വരുന്ന വാഹനങ്ങളെ കാണുന്നത് വളരെ അടുത്തെത്തിയിട്ടായിരിക്കും. അപ്പോഴേക്കും അപകടം സംഭവിച്ചു കഴിഞ്ഞിരിക്കും. രാത്രികാലങ്ങളിൽ ഇത്തരം അപകട സാദ്ധ്യത കൂടുതലാണ്. പ്രധാന റോഡിൽ നിന്നും നിരവധി പോക്കറ്റ് റോഡുകൾ ഉണ്ട്. ഇത് സംബന്ധിച്ചൊ അപകട മേഖല സംബന്ധിച്ചൊ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാത്തതും അപകടങ്ങളുടെ എണ്ണം കൂട്ടുന്നു.