dam

നെന്മാറ: ദീപാവലി അവധി ദിവസങ്ങളായ ഞായറും തിങ്കളും നെല്ലിയാമ്പതിയിലേക്ക് വിനോദസഞ്ചാരികളുടെ കുത്തൊഴുക്ക്. പകൽ മഴ ഇല്ലാതാവുകയും നല്ല തണുപ്പോടുകൂടിയ കാലാവസ്ഥയുമായതിനാൽ മേഖലയിലെ റിസോർട്ടുകളിലെല്ലാം തിരക്കായിരുന്നു. സീതാർകുണ്ട് കേശവൻപാറ കാരപ്പാറ തുടങ്ങിയ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ സഞ്ചാരികളുടെ തിരക്കും ചെറിയ തോതിലുള്ള ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. പകൽ മഴയില്ലാത്തതിനാൽ സീതാർകുണ്ട് നിന്നും പാലക്കാട് വരെയുള്ള വിദൂരദൃശ്യം തെളിഞ്ഞ അന്തരീക്ഷത്തിൽ സഞ്ചാരികൾക്ക് ലഭ്യമായി. മിന്നാംപാറ സഫാരി ജീപ് സർവീസിനും ഈ ദിവസങ്ങളിൽ ആവശ്യക്കാർ ഏറെയുണ്ടായിരുന്നു. ജലസമൃദ്ധിയിൽ പരമാവധി ജലനിരപ്പിനോടടുത്ത് നിറഞ്ഞു കിടക്കുന്ന പോത്തുണ്ടി അണക്കെട്ട് കാണാനും പോത്തുണ്ടി സാഹസിക വിനോദ സഞ്ചാര കേന്ദ്രത്തിലും നിരവധി സന്ദർശകർ എത്തി. തിരക്കു മൂലം എല്ലാവർക്കും സിപ്പ് ലൈൻ, ആകാശ സൈക്ലിംഗ് തുടങ്ങിയ റൈഡുകളിൽ കയറാൻ കഴിഞ്ഞില്ലെന്ന് പലരും പരാതിപ്പെട്ടു. കെ.എസ്.ആർ.ടി.സിയുടെ അവധി ദിനങ്ങളിലെ നെല്ലിയാമ്പതിയിലേക്കുള്ള സ്‌പെഷൽ സർവീസും ഉണ്ടായിരുന്നു.