
ആദ്യദിനം ഏഴ് മത്സരങ്ങളിലായി 426 ഉദ്യോഗസ്ഥർ പങ്കെടുത്തു
പാലക്കാട്: ജില്ലയിൽ രണ്ടു ദിവസങ്ങളിലായി നടക്കുന്ന ജില്ലാ സിവിൽ സർവീസ് മത്സരങ്ങൾ കോട്ടായി ജി.എച്ച്.എസ്.എസിൽ ആരംഭിച്ചു. സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് കൂടിയായ അഡ്വ. കെ.പ്രേംകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഏഴ് മത്സരങ്ങളിലായി നൂറോളം വകുപ്പുകളിലെ 426 ഉദ്യോഗസ്ഥർ പങ്കടുത്തു. അത്‌ലറ്റിക്സ്, ഫുട്‌ബാൾ, വോളിബാൾ, ബാസ്‌കറ്റ് ബാൾ, ഗുസ്തി, കബഡി, ഹോക്കി മത്സരങ്ങളാണ് ആദ്യ ദിനത്തിൽ നടന്നത്. ഉദ്ഘാടന പരിപാടിയിൽ ജില്ലാ പഞ്ചായത്തംഗം ആർ. അഭിലാഷ് അദ്ധ്യക്ഷനായി. ജില്ലാ സ്‌പോർട്സ് കൗൺസിൽ സെക്രട്ടറി എ. ഉല്ലാസ്, ജില്ലാ സ്‌പോർട്സ് കൗൺസിൽ നോമിനി എം. രാമചന്ദ്രൻ, ജില്ലാ സ്‌പോർട്സ് കൗൺസിൽ അംഗം ഡോ. പി.സി. ഏലിയാമ്മ, എം.കെ. ആനന്ദം എന്നിവർ സംസാരിച്ചു.
ഇന്ന് മൂന്ന് കേന്ദ്രങ്ങളിൽ വിവിധ മത്സരങ്ങൾ
ഇന്ന് രാവിലെ ഒമ്പതിന് മൂന്ന് കേന്ദ്രങ്ങളിൽ വിവിധ മത്സരങ്ങൾ നടക്കും. പുത്തൂർ സ്വാമിസ് സ്മാഷ് പാലക്കാടൻസ് ഇൻഡോർ കോർട്ടിൽ ഷട്ടിൽ ബാഡ്മിന്റൺ, ലോൺ ടെന്നീസ് മത്സരങ്ങളും സ്വിമ്മിംഗ്, ടേബിൾ ടെന്നീസ് മത്സരങ്ങൾ കോസ്‌മോ പൊളിറ്റൽ ക്ലബ്ബിലും ക്രിക്കറ്റ് മത്സരങ്ങൾ കോട്ടമൈതാനത്തും ചെസ്, കാരംസ്, പവർ ലിഫ്റ്റിംഗ്, വെയിറ്റ് ലിഫ്റ്റിംഗ്, ബേസ്ഡ് ഫിസിക്ക് മത്സരങ്ങൾ ജില്ലാ സ്‌പോർട്സ് കൗൺസിൽ ഓഫീസിലുമാണ് നടക്കുന്നത്.