വടക്കഞ്ചേരി: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ, ജില്ലാ യുവജനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ജില്ലാ സെവൻസ് ഫുട്‌ബാൾ ടൂർണമെന്റിന് കണ്ണമ്പ്രയിൽ തുടക്കമായി. ലഹരിവിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ കണ്ണമ്പ്ര ഫുട്‌ബാൾ ഗ്രൗണ്ടിലാണ് മത്സരം. ജില്ലയിലെ 42 ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ഒന്നാം സ്ഥാനത്ത് എത്തുന്ന ടീമിന് 25000 രൂപയും രണ്ടും, മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 15000, 10000 രൂപയുമാണ് സമ്മാനമായി ലഭിക്കുക. ടൂർണമെന്റിന്റെ ഉദ്ഘാടനം പി.പി സുമോദ് എം.എൽ.എ നിർവഹിച്ചു. കണ്ണമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് എം. സുമതി അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് കെ.ആർ മുരളി, ജില്ലാ യൂത്ത് കോ ഓഡിനേറ്റർ കെ.സി റിയാസുദ്ദീൻ, സംസ്ഥാന യുവജനക്ഷേമ ബോർഡംഗം ഷെനിൻ മന്ദിരാട്, യൂത്ത് പ്രോഗ്രാം ഓഫീസർ ആർ. ശ്രീലേഖ, പി. സോമസുന്ദരൻ, ആർ. നിഖിൽ, എസ്. കിരൺ എന്നിവർ സംസാരിച്ചു.