
ചെർപ്പുളശ്ശേരി: ക്ഷേത്ര നവീകരണ പ്രവൃത്തികളുടെ ഭാഗമായി ചെർപ്പുളശ്ശേരി അയപ്പൻ കാവിൽ പടിഞ്ഞാറേ നടയിൽ നിർമ്മിച്ച ക്ഷേത്ര ഗോപുരത്തിന്റെ സമർപ്പണം നാളെ രാവിലെ 10ന് ക്ഷേത്രം തന്ത്രി അഴകത്ത് ശാസ്തൃ ശർമ്മൻ നമ്പൂതിരിപ്പാട്, മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ. മുരളി, വാസ്തു ശാസ്ത്ര വിദഗ്ദ്ധൻ കാണിപ്പയൂർ കൃഷ്ണൻ നമ്പൂതിരിപ്പാട്, ശ്രീരാമജയം രാമചന്ദ്രൻ നായരുടെ കുടുംബാംഗങ്ങൾ എന്നിവർ ചേർന്ന് നടത്തും. 25 ലക്ഷത്തോളം രൂപ ചെലവിൽ ഏഴുവന്തല ശ്രീരാമജയം രാമചന്ദ്രൻ നായരുടെ സ്മരണക്കായി അദ്ദേഹത്തിന്റെ കുടുംബാഗങ്ങളാണ് ഗോപുരം നിർമ്മിച്ചു നൽകിയത്. ഗജവീരന്റെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെയായിരിക്കും ഗോപുര സമർപ്പണമെന്നും ക്ഷേത്രം മാനേജിംഗ് ട്രസ്റ്റി കെ.കെ. രഘുനാഥൻ, പാരമ്പര്യ ട്രസ്റ്റിമാരായ ഐ. ദേവീദാസൻ, രാധാകൃഷ്ണൻ വീണാംകുന്ന്, പാരമ്പര്യേതര ട്രസ്റ്റിമാരായ സി. രാധാകൃഷ്ണൻ, എം. മനോഹരൻ, മേൽശാന്തി തെക്കും പറമ്പത്ത് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി, എന്നിവർ അറിയിച്ചു.