yhuj

കോയമ്പത്തൂർ: ഉക്കടം കാർ ബോംബ് സ്‌ഫോടനക്കേസ് എൻ.ഐ.എ അന്വേഷിക്കണമെന്ന് തമിഴ്നാട് സർക്കാർ കേന്ദ്രത്തോട് ശുപാർശ ചെയ്തു. പ്രതികളിൽ ഒരാളുടെ ഐ.എസ് ബന്ധവും ചാവേർ ആക്രമണ സംശയവും ബലപ്പെടുത്തുന്ന തെളിവുകൾ പൊലീസിന് കിട്ടിയ സാഹചര്യത്തിൽ എൻ.ഐ.എ സംഘം കോയമ്പത്തൂരിലെത്തി പ്രാഥമിക വിവരശേഖരണം ആരംഭിച്ചു. അറസ്റ്റിലായ അഞ്ചു പ്രതികളെയും എൻ.ഐ.എ ചോദ്യം ചെയ്തു.

സ്‌ഫോടനത്തിന് തൊട്ടു മുമ്പ് ജമേഷ മുബീൻ പങ്കുവച്ച വാട്സാപ് സ്റ്റാറ്റസാണ് ചാവേർ ആക്രമണ സംശയം ബലപ്പെടുത്തിയത്. 'എന്റെ മരണ വിവരം അറിഞ്ഞാൽ തെറ്റുകൾ പൊറുത്ത് മാപ്പാക്കണം, സംസ്‌കാര ചടങ്ങിൽ പങ്കെടുത്തു പ്രാർത്ഥിക്കണം' എന്നായിരുന്നു സ്റ്റാറ്റസിന്റെ ഉള്ളടക്കം. ഇതിനു പുറമെ ജമീഷ മുബീന്റെ മൃതദേഹത്തിൽ നിന്ന് രാസലായനികളുടെ സാന്നിദ്ധ്യവും കണ്ടെത്തിയിരുന്നു. ജമീഷിന്റെ വീട്ടിൽ നിന്നു കോയമ്പത്തൂരിലെ ക്ഷേത്രങ്ങൾ, പ്രധാന സർക്കാർ ഓഫീസുകൾ എന്നിവയുടെ വിവരവും സംശയാസ്പദമായി കണ്ടെത്തിയിട്ടുണ്ട്.

പൊലീസ് ശേഖരിച്ച വിവരങ്ങളിൽ തീവ്രവാദ ബന്ധം ബലപ്പെട്ടതോടെ മുഖ്യമന്ത്രി സ്റ്റാലിന്റെ നേതൃത്വത്തിൽ ഇന്നലെ ചേർന്ന ഉന്നതതല യോഗത്തിലാണ് കേസ് എൻ.ഐ.എയ്ക്ക് കൈമാറാൻ തീരുമാനിച്ചത്. എൻ.ഐ.എ ഡി.ഐ.ജി കെ.ബി.വന്ദന, എസ്.പി ശ്രീജിത്ത് എന്നിവർ കോയമ്പത്തൂരിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.

കോയമ്പത്തൂർ നഗരത്തിന്റെ സുരക്ഷ കൂട്ടാനും തമിഴ്നാട് സർക്കാർ തീരുമാനിച്ചു.