
കറുകപുത്തൂർ: എസ്.എൻ.ഡി.പി യോഗം ഒറ്റപ്പാലം താലൂക്ക് യൂണിയൻ സൈബർ സേന ചെയർമാനും ചാഴിയാട്ടിരി ശാഖാ അംഗവുമായ പ്രവീൺ കണ്ടംപുള്ളിക്ക് ശ്രീനാരായണഗുരു യുവപ്രതിഭ ദേശീയ പുരസ്‌കാരം. ആലപ്പുഴ ആസ്ഥാനമായ മലയാള കലാ സാഹിത്യ സംസ്‌കൃതിയും ഓൾ ഇന്ത്യ മലയാളി അസോസിയേഷനും ചേർന്നാണ് പുരസ്‌കാരം നൽകിയത്. ശ്രീനാരായണീയ ആശയങ്ങളുടെ പ്രചാരണത്തിന് സാമൂഹിക മാദ്ധ്യമങ്ങളെ പ്രയോജനപ്പെടുത്തുന്നതടക്കം ഗുരുദേവ മൂല്യങ്ങളിലൂന്നിയുള്ള പ്രവർത്തനങ്ങൾക്കാണ് പ്രവീണിനെ അവാർഡിനായി തിരഞ്ഞെടുത്തത്.
ദില്ലി കേരള ക്ലബ്ബിൽ ഞായറാഴ്ച നടന്ന കേരളീയം ഭാരതീയം കലാസാഹിത്യ സാംസ്‌കാരിക വേദിയിൽ റിട്ട.സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണനിൽ നിന്ന് പ്രവീൺ പുരസ്‌കാരം ഏറ്റുവാങ്ങി.
കറുകപുത്തൂർ ചാഴിയട്ടിരി കണ്ടംപുള്ളി പരേതനായ ഗോപാലൻ - ചന്ദ്രമതി ദമ്പതികളുടെ മകനാണ് പ്രവീൺ. ചാഴിയാട്ടിരി സ്‌കൂൾ അദ്ധ്യാപികയായ സുനിതയാണ് ഭാര്യ. ശ്രീവേദ് കെ പ്രവീൺ, പാർവതി പ്രവീൺ എന്നിവർ മക്കളാണ്. പ്രദീപ്കുമാർ, പ്രതിഭ എന്നിവരാണ് സഹോദരങ്ങൾ.