temple

ചെർപ്പുളശ്ശേരി: അയ്യപ്പൻ കാവിൽ നവീകരണ പ്രവൃത്തികളുടെ ഭാഗമായി പടിഞ്ഞാറേ നടയിൽ നിർമ്മിച്ച ഗോപുരത്തിന്റെ സമർപ്പണം നടത്തി. ക്ഷേത്രം തന്ത്രി അഴകത്ത് ശാസ്തൃ ശർമ്മൻ നമ്പൂതിരിപ്പാടിന്റെ കാർമ്മികത്തിൽ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ഉദ്ഘാടനം നിർവഹിച്ചു. വാസ്തു ശാസ്ത്ര വിദഗ്ദൻ കാണിപ്പയൂർ കൃഷ്ണൻ നമ്പൂതിരിപ്പാട്, മദ്ദള കലാകാരൻ ചെർപ്പുളശ്ശേരി ശിവൻ, ശ്രീരാമജയം രാമചന്ദ്രൻ നായരുടെ കുടുംബാംഗങ്ങൾ എന്നിവർ സന്നിഹിതരായി.
വാദ്യഘോഷങ്ങളുടെ അകമ്പടിയിൽ ഗജവീരൻ ചെർപ്പുളശേരി ശേഖരൻ ഗോപുര വാതിൽ തള്ളി തുറന്നു. 25 ലക്ഷത്തോളം രൂപ ചെലവിൽ എഴുവന്തല ശ്രീരാമജയം രാമചന്ദ്രൻ നായരുടെ സ്മരണക്കായി അദ്ദേഹത്തിന്റെ കുടുംബാഗങ്ങളാണ് ഗോപുരം നിർമ്മിച്ചു നൽകിയത്. തുടർന്ന് നടന്ന ചടങ്ങിൽ മലബാർ ദേവസ്വം ബോർഡ് പാലക്കാട് ഏരിയാ മുൻ പ്രസിഡന്റ് വള്ളുർ രാമകൃഷ്ണൻ അദ്ധ്യക്ഷനായി.
ക്ഷേത്രം മാനേജിംഗ് ട്രസ്റ്റി കെ.കെ. രഘുനാഥ്, പാരമ്പര്യ ട്രസ്റ്റിമാരായ ഐ. ദേവീദാസൻ, രാധാകൃഷ്ണൻ വീണാം കുന്ന്, പാരമ്പര്യേതര ട്രസ്റ്റിമാരായ സി. രാധാകൃഷ്ണൻ, എം. മനോഹരൻ, മേൽശാന്തി തെക്കും പറമ്പത്ത് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി, എസ്.കെ. ശ്രീകുമാർ, പി.പി. വിനോദ് കുമാർ, പുതുശ്ശേരി ശങ്കരൻ നമ്പൂതിരി, ഈശ്വര റെഡി, മണികണ്ഠൻ, എം. മനോഹരൻ തുടങ്ങിയവർ പങ്കെടുത്തു.