
പാലക്കാട്: അഞ്ച് വിദ്യാർത്ഥികൾ അടക്കം ഒമ്പതുപേരുടെ മരണത്തിനിടയാക്കിയ വടക്കഞ്ചേരി അപകടത്തിൽ ടൂറിസ്റ്ര് ബസിന് മാത്രമല്ല, കെ.എസ്.ആർ.ടി.സി ഡ്രൈവറുടെ ഭാഗത്തുനിന്നും ഗുരുതര വീഴ്ചയുണ്ടായെന്ന് നാറ്റ്പാകിന്റെ അന്വേഷണ റിപ്പോർട്ട്. അമിത വേഗതയിലായിരുന്ന കെ.എസ്.ആർ.ടി.സി ബസ് പെട്ടെന്ന് വേഗത കുറയ്ക്കുകയും നടുറോഡിൽ നിറുത്തിയതും അപകടത്തിന്റെ തീവ്രത കൂട്ടിയെന്നാണ് റിപ്പോർട്ടിൽ.
കെ.എസ്.ആർ.ടി.സി ബസിനും ടൂറിസ്റ്റ് ബസിനും ഇടയിലുണ്ടായിരുന്ന കാറിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായി. ആ ഭാഗത്ത് അനുവദനീയ വേഗപരിധിയെക്കാളും കുറഞ്ഞ വേഗതയിലാണ് (50 കി.മീറ്റർ) കാർ സഞ്ചരിച്ചത്. ദേശീയപാതയിൽ വഴിവിളക്കുകളും റിഫ്ലക്ടറുകളും ഇല്ലാത്തതും അപകടത്തിന് വഴിവച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. ഒക്ടോബർ അഞ്ചിന് അർദ്ധരാത്രിയാണ് ടൂറിസ്റ്റ് ബസ് കെ.എസ്.ആർ.ടി.സി ബസിന്റെ പിറകിൽ ഇടിച്ച് അപകടമുണ്ടായത്.