jantha-dal

സമരം ചെയ്തത് - 165 ദിവസം

പാലക്കാട്: 2018 ഒക്ടോബർ മാസത്തിൽ പൊളിച്ചുമാറ്റിയ മുനിസിപ്പൽ ബസ് സ്റ്റാൻഡ് പുനർനിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് നാഷണൽ ജനതാദൾ പ്രവർത്തകർ 165 ദിവസമായി നടത്തി വന്നിരുന്ന സത്യഗ്രഹ സമരം അവസാനിപ്പിച്ചു.

കഴിഞ്ഞ ദിവസം ചേർന്ന മുനിസിപ്പൽ കൗൺസിലിൽ ഉടനടി ബസ് സ്റ്റാൻഡ് നിർമ്മാണം തുടങ്ങാൻ അജണ്ടയിൽ ഉൾപ്പെടുത്തി തീരുമാനിക്കുകയും നിർമ്മാണ നടപടികൾ പൂർത്തിയാക്കാൻ ജില്ലാ പഞ്ചായത്തിനെ ചുമതലപ്പെടുത്തിയതോടെയുമാണ് സമരം അവസാനിപ്പിച്ചത്.

മൂന്നരക്കൊല്ലമായി ഒരു നടപടിയും സ്വീകരിക്കാതിരുന്ന മുനിസിപ്പാലിറ്റി സമരം ആരംഭിച്ച് രണ്ടുമാസം കഴിഞ്ഞപ്പോൾ മണ്ണു പരിശോധന നടത്തുകയും പിന്നീട് ഡി.പി.ആർ തയ്യാറാക്കുകയും ചെയ്തു. നാഷണൽ ജനതാദൾ മനുഷ്യാവകാശ കമ്മിഷൻ മുമ്പാകെയും ഹൈക്കോടതിയിലും കേസു കൊടുക്കുകയും ചെയ്തിരുന്നു. ഉടനടി ബസ് സ്റ്റാൻഡ് നിർമ്മാണം നടത്താമെന്നു മനുഷ്യാവകാശ കമ്മിഷനിലും ഹൈക്കോടതിയിലും മുനിസിപ്പൽ സെക്രട്ടറി ഉറപ്പു കൊടുക്കുകയും ചെയ്തിരുന്നു.

മധുരപലഹാരവിതരണവും ആഹ്ളാദ പ്രകടനവും

165 ദിവസത്തെ സഹനസമരത്തിലൂടെ ലക്ഷ്യം കണ്ട ജനതാദൾ പ്രവർത്തകർ താളമേളങ്ങളോടെയും മധുരപലഹാരവിതരണത്തോടെയും ടൗണിൽ ആഹ്ളാദ പ്രകടനം നടത്തി. മുനിസിപ്പൽ ഓഫീസിനു മുന്നിൽ നിന്ന് ആരംഭിച്ച പ്രകടനം നാഷണൽ ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി ഷംനാദ് കൂട്ടിക്കട ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.എം. കുഞ്ഞിമൊയ്തു, മഹിളാ ജനത സംസ്ഥാന ജനറൽ സെക്രട്ടറി നൗഫിയ നസീർ, ദളിത് ജനതാ സംസ്ഥാന ജനറൽ സെക്രട്ടറി എസ്. വിജയലക്ഷ്മി, യുവജനതാദൾ സംസ്ഥാന കമ്മിറ്റി അംഗം ആർ. സൂര്യരാജ്, പാർട്ടി ജില്ലാ സെക്രട്ടറിമാരായ കെ.എസ്. ജെയിംസ്, എ. വിൻസന്റ്, എം.എം. വർഗീസ്, കെ.ജെ. നൈനാൻ, കെ. രഘുനാഥ്, ജില്ലാ ട്രഷറർ എം.എ. സുൽത്താൻ തുടങ്ങിയവ‌ർ സംസാരിച്ചു.