crime

ആലത്തൂർ: ലോട്ടറി വിൽപ്പനക്കാരനായ ഭിന്നശേഷിക്കാരനെ കബളിപ്പിച്ച് 7000 രൂപ തട്ടിയെടുത്തു. ചിറ്റൂർ വടക്കേത്തറ സനലിനെയാണ് (32) കബളിപ്പിച്ചത്. തിങ്കളാഴ്ച രാവിലെ 12 മണിയോടെ ചിറ്റിലഞ്ചേരി കടമ്പിടിയിലാണ് സംഭവം. ഭിന്നശേഷിക്കാരനായ സനൽ ആദ്യമായാണ് ചിറ്റിലഞ്ചേരി ഭാഗത്തേക്ക് ലോട്ടറി വിൽപ്പനക്കായി എത്തുന്നത്. കടമ്പിടിയിൽ നടന്നുപോകുന്ന വഴിയിൽ ബൈക്കിലെത്തിയാൾ സമ്മാനമുള്ള രണ്ടു ടിക്കറ്റ് നൽകുകയായിരുന്നു. നൽകിയ ലോട്ടറി റിസൽട്ടുമായി ഒത്തുനോക്കിയതിനെ തുടർന്ന് 5000 രൂപയും 2000 രൂപയും സമ്മാനം അടിച്ചിരുന്നു. ഇതേ തുടർന്ന് ബൈക്കുകാരന് 7000 രൂപ നൽകുകയും ചെയ്തു. പിന്നീട് ലോട്ടറി ബാഗിലേക്ക് ഇടുന്നതിനിടെ സംശയം തോന്നി വീണ്ടും നോക്കിയപ്പോഴാണ് നമ്പർ തിരുത്തി സമ്മാനാർഹമായ നമ്പർ ഒട്ടിച്ചതായി കണ്ടെത്തിയത്. ഉടൻ തന്നെ കടമ്പിടി ഓട്ടോസ്റ്റാൻഡിലെത്തി ഡ്രൈവർമാരോട് പറഞ്ഞതിനെ തുടർന്ന് ആലത്തൂർ പൊലീസിനെ വിവരമറിയിക്കുക യായിരുന്നു. പൊലീസ് എത്തി പ്രദേശത്തെ സി.സി ടി.വി കാമറകൾ പരിശോധിച്ചെങ്കിലും ബൈക്കിലെത്തിയ ആളെ കുറിച്ച് വിവരം ലഭിച്ചില്ല.