
പത്തനംതിട്ട : ഗാന്ധിജയന്തി വാരാഘോഷത്തിന്റെയും ലഹരിവിമുക്ത കേരളം പ്രചാരണ പരിപാടിയുടെയും ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 9ന് പത്തനംതിട്ട തൈക്കാവ് ഗവ.ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ മന്ത്രി വീണാ ജോർജ് നിർവഹിക്കും. ഡെപ്യുട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷതവഹിക്കും. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തും. എം.എൽ.എമാരായ മാത്യു ടി.തോമസ്, കെ.യു. ജനീഷ് കുമാർ, പ്രമോദ് നാരായൺ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ, പത്തനംതിട്ട നഗരസഭ ചെയർമാൻ ടി.സക്കീർ ഹുസൈൻ എന്നിവർ സന്ദേശം നൽകും. ജില്ലാ കളക്ടർ ഡോ.ദിവ്യ എസ്.അയ്യർ, എ.ഡി.എം ബി.രാധാകൃഷ്ണൻ എന്നിവർ സംസാരിക്കും. യോദ്ധാവ് പദ്ധതി ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജനും എക്‌സൈസ് ഡെപ്യുട്ടി കമ്മിഷണർ വി.എ.പ്രദീപ് ലഹരി മുക്ത കേരളം പദ്ധതിയും വിശദീകരിക്കും.
ഇന്ന് രാവിലെ 8ന് കളക്ടറേറ്റ് ജംഗ്ഷനിൽ നിന്ന് ലഹരിവിമുക്ത സമാധാന സന്ദേശ റാലി ആരംഭിക്കും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ റാലി ഫ്ലാഗ് ഒാഫ് ചെയ്യും. വിദ്യാർത്ഥികൾ, കുടുംബശ്രീ, സാക്ഷരത പ്രവർത്തകർ, എൻ.സി.സി, എൻ.എസ്.എസ്, സ്‌കൗട്ട്‌സ്, ഗൈഡ്‌സ്, ക്ലബുകളുടെ അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. 8.30ന് റാലി ഗാന്ധി സ്‌ക്വയറിലെത്തുകയും ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തുകയും ചെയ്യും. ഒൻപതിന് ജില്ലാതല ഉദ്ഘാടനസമ്മേളനം ഗവ.ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കും. ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിസൂക്ത ചിത്രപ്രദർശനം സംഘടിപ്പിക്കും.