ചെങ്ങന്നൂർ: എസ്.എൻ.ഡി.പിയോഗം ചെങ്ങന്നൂർ യൂണിയനിലെ 3638-ാം നമ്പർ തിങ്കളാമുറ്റം ശാഖയുടെ ആഭിമുഖ്യത്തിലുള്ള ഒന്നാമത് ശ്രീനാരായണ കൺവെൻഷൻ ഇന്ന് സമാപിക്കും. ഇന്ന് രാവിലെ 10ന് ഗുരുവിന്റെ ക്ഷേത്രസങ്കൽപ്പം എന്നവിഷയത്തിൽ ബിജു പുളിക്കലേടത്തും വൈകിട്ട് 6.30ന് ഗുരുദർശനം നിത്യജീവിതത്തിൽ എന്നവിഷയത്തിൽ വൈക്കം മുരളിയും പ്രഭാഷണം നടത്തും. രാവിലെ 8ന് ഗുരുമണ്ഡപത്തിൽ വിശേഷാൽ പൂജകൾ, വിശ്വശാന്തിഹവനം, അന്നദാനം എന്നിവ നടക്കും. ദൈവദശകത്തിന്റെ കാലിക പ്രസക്തി എന്ന വിഷയത്തിൽ ഇന്നലെ ആശാ പ്രദീപിന്റെ പ്രഭാഷണവും ഗുരു മണ്ഡപത്തിൽ വിശേഷാൽ പൂജകളും മഹാമൃത്യുഞ്ജയഹോമവും നടന്നു. യൂണിയന്റെ കീഴിലുള്ള എല്ലാ ശാഖകളിലും ശ്രീനാരായണ കൺവെൻഷൻ നടത്തുന്നതിന്റെ ഭാഗമായി പാറപ്പാട്, പാണ്ടനാട് നോർത്ത് ശാഖകളിലും ഈ മാസം ശ്രീനാരായണ കൺവെൻഷൻ നടക്കുമെന്ന് യൂണിയൻ കൺവീനർ അനിൽ പി. ശ്രീരംഗം അറിയിച്ചു.