ccc

ചെങ്ങന്നൂർ : ചുറ്റും കാടുപടലും മൂടി വള്ളിപ്പടർപ്പുകൾക്കിടയിൽ ഒരു സി.സി കാമറ. വരട്ടാറിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ സ്ഥാപിച്ച കാമറയാണിത്. ജലാശയത്തിലേക്ക് മാലിന്യമിടുന്നവരെ കണ്ടെത്തുന്നതിനും കർശന നടപടി സ്വീകിരക്കുന്നതിനുമായി എം.സി റോഡിൽ മഴുക്കീർ വരട്ടാർ പഴയ പാലത്തിന് സമീപം 2019 മാർച്ചിലാണ് കാമറ സ്ഥാപിച്ചത്. ചാക്കിൽകെട്ടിയ അറവുമാലിന്യം, കോഴിക്കടകളിലെ മാലിന്യം, കക്കൂസ് മാലിന്യം, വ്യാപാരസ്ഥാപനങ്ങളിലേയും വീടുകളിലേയും മാലിന്യം എന്നിവ വരട്ടാറിലേക്ക് തള്ളുന്നത് പതിവായതോടെയാണ് പ്രദേശവാസികൾ മുൻകൈയെടുത്ത് ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടെ കാമറ നിരീക്ഷണം ഏർപ്പെടുത്തിയത്. കാമറ സ്ഥാപിച്ചതോടെ മാലിന്യം ഇട്ടവരെ കണ്ടെത്തുകയും പിടികൂടുകയും ചെയ്തിരുന്നു. ഇതോടെ മാലിന്യ നിക്ഷേപത്തിന് ഒരു പരിധിവരെ ശമനമുണ്ടായി. എന്നാൽ കാമറയിൽ കാട് കയറിയതോടെ വീണ്ടും പ്രദേശത്ത് മാലിന്യ നിക്ഷേപം രൂക്ഷമായി. വരട്ടാറിലെ ജലനിരപ്പ് കുറഞ്ഞതോടെ മാലിന്യങ്ങൾ ഇവിടെ കെട്ടിനിൽക്കുകയാണ്. ഇവ ചീഞ്ഞ് വൻ ദുർഗന്ധമാണ് വമിക്കുന്നത്. മലിനജലം ഉറവയായി സമീപത്തെ കിണറുകളിലേക്ക് എത്തുന്നതുമൂലം കുടിവെളളവും ഉപയോഗിക്കാൻ കഴിയുന്നില്ല.


സ്ഥാപിച്ചത് എച്ച്.ഡി കാമറ

രാത്രിയിലെ ദൃശ്യങ്ങൾ വ്യക്തതയോടുകൂടി പകർത്തുന്ന രണ്ട് ഹൈഡെഫനിഷൻ കാമറകളാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. കാമറയിൽ പതിയുന്ന ദൃശ്യങ്ങൾ ഇന്റർനെറ്റുമായി ബന്ധപ്പെടുത്തിയിരുന്നു.

കാമറയുടെ ദൃശ്യം തടസപ്പെടുത്തുന്ന തരത്തിൽ കാടുമൂടിയിട്ടും ഇത് വെട്ടിമാറ്റാൻ ബന്ധപ്പെട്ടവർ ശ്രമിച്ചിട്ടില്ല. കൂടാതെ കാമറ പ്രവർത്തനക്ഷമമാണോ എന്ന് പരിശോധിക്കുന്നില്ല.

മോഹനൻ, പ്രദേശവാസി

കാടുകൾ വെട്ടിമാറ്റും

സാങ്കേതിക വിദഗ്ദ്ധരെ ഉപയോഗിച്ച് കാമറ പ്രവർത്തനരഹിതമാണോ എന്ന് പരിശോധിക്കും. സമീപവാസിയുടെ വീട്ടിൽ നിന്നാണ് കാമറ പ്രവർത്തിപ്പിക്കാനുള്ള വൈദ്യുതി ലഭ്യമാക്കിയിരിക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി കാമറ സ്ഥാപിച്ചിരിക്കുന്ന സ്ഥലത്തെ കാടുകൾ നീക്കം ചെയ്യും.

പി.വി.സജൻ,

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്