 
തിരുവല്ല: ലോക വയോജന ദിനാഘോഷത്തോടനുബന്ധിച്ച് പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന രണ്ടാം ബാല്യം പദ്ധതിക്ക് തുടക്കമായി. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ നിരണം,കടപ്ര,നെടുമ്പ്രം,പെരിങ്ങര,കുറ്റൂർ എന്നീ ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികള്‍ കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പാക്കുക. വയോജന ക്ലബുകളുടെ രൂപീകരണം, അംഗങ്ങളുടെ മാനസികവും ശാരീരികവുമായ ഉണർവിന് യോഗ ക്ലാസുകള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, നിയമബോധ ക്ലാസുകള്‍ എന്നിവയാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. ജില്ലാ പഞ്ചായത്ത് അംഗം സി.കെ.ലതാകുമാരി ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ചന്ദ്രലേഖ അദ്ധ്യക്ഷയായി. പെരിങ്ങര പഞ്ചായത്ത് പ്രസിഡന്‍റ് മാത്തന്‍ ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബിനില്‍കുമാർ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർമാന്‍മാരായ അരുന്ധതി അശോകന്‍,മറിയാമ്മ ഏബ്രഹാം, അംഗങ്ങളായ അനു സി.കെ. ജിനു തൂമ്പുംകുഴി, പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർമാന്‍മാരായ വിഷ്ണു നമ്പൂതിരി, സുഭദ്ര രാജന്‍,അംഗങ്ങളായ ചന്ദ്രു എസ്.കുമാർ, സനല്‍കുമാരി, സി.ഡി.പി.ഒ. പ്രീതാകുമാരി ആർ, സൂപ്പർവൈസർ ഡോ.രഞ്ജിനി എം.യു. എന്നിവർ സംസാരിച്ചു. ഡോ.ബിജി വർഗീസ്, ഡോ.കെ.എം.മത്തായി, ജെറി ജോഷി എന്നിവർ ക്ലാസെടുത്തു.