02-crme-rameez-rasaq

പന്തളം : ഹർത്താൽ ദിവസം പന്തളത്ത് കെ.എസ്.ആർ.ടി.സി ബസിന് കല്ലെറിഞ്ഞ് ചില്ലു തകർക്കുകയും ഡ്രൈവറുടെ കണ്ണിന് പരിക്കുപറ്റുകയും ചെയ്ത സംഭവത്തിൽ ഒരു പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. പുന്തല കക്കട പാങ്ങായി മലയിൽ വീട്ടിൽ റെമീസ് റസാഖ് (24) ആണ് അറസ്റ്റിലായത്. ഒന്നാംപ്രതി കാർത്തികപള്ളി ചെറുതന കോടമ്പള്ളിൽത്തറയിൽ സനുജി (32)നെ 24ന് അറസ്റ്റ് ചെയ്തിരുന്നു. സനുജിനെ കസ്റ്റഡിയിൽ വാങ്ങിയ പൊലീസ് ഇരുവരുമായി സംഭവം നടന്ന ബസ് സ്റ്റാൻഡിന് സമീപം മാർക്കറ്റ് ജംഗ്ഷനിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. ഇവർ സഞ്ചരിച്ച ബൈക്കും പൊലീസ് കണ്ടെത്തി. തെളിവെടുപ്പ് പൂർത്തിയാക്കി ഇരുവരെയും ഇന്ന് കോടതിയിൽ ഹാജരാക്കും. പന്തളം ഡിപ്പോയിലെ ഡ്രൈവർ രാജേന്ദ്രന് (49) ആണ് കണ്ണിന് പരിക്കുപറ്റിയത്. എസ്.എച്ച്.ഒ എസ്.ശ്രീകുമാർ , എസ്.ഐമാരായ ബി.എസ്.ശ്രീജിത്ത്, ബി.അനിൽകുമാർ, സി.പി.ഒമാരായ അർജുൻ കൃഷ്ണൻ, കെ.അമീഷ്, എസ്.അൻവർഷ , പി.എസ്.ശരത്, വി.ജി.സഞ്ജയൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.