ചെങ്ങന്നൂർ: കല്ലിശേരി കെ.എം.ചെറിയാൻ ആശുപത്രിയിൽ നിന്നുള്ള മാലിന്യ പ്രശ്‌നത്തിൽ ഏഴ് ദിവസത്തിനകം റിപ്പോർട്ട് നൽകാൻ ജില്ലാ മലിനീകരണ ബോർഡിന് ജില്ലാ കളക്ടർ വി.ആർ കൃഷ്ണതേജ നിർദ്ദേശം നൽകി. ആക്ഷൻ കൗൺസിൽ പ്രതിനിധികളുമായി കളക്ടറേറ്റിൽ നടന്ന ചർച്ചയെ തുടർന്നാണിത്. ആശുപത്രിയിൽ നിന്ന് മലിന ജലം പുറത്തേക്ക് ഒഴുക്കിവിടുന്നതിനെതിരെ കേരളകൗമുദി വാർത്തകൾ പ്രസിദ്ധീകരിക്കുകയും ആക്ഷൻ കൗൺസിൽ പരാതി നൽകുകയും ചെയ്തതിനെ തുടർന്നാണ് ഇന്നലെ രാവിലെ ചർച്ച നടത്തിയത്.
ആശുപത്രിമാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനു പകരം വലിയ കുഴിയെടുത്ത് അതിലേക്ക് ഒഴുക്കുകയാണ് ചെയ്തിരുന്നത്. ഈ ജലം സമീപ പ്രദേശങ്ങളിലെ പറമ്പുകളിലും കിണറുകളിലും നിറഞ്ഞതോടെ മാസങ്ങളായി കുടിവെള്ളം ഇല്ലാതെ സമീപ വാസികൾ ദുരിതത്തിലാണ്. ഇതിനു പരിഹാരം ആവശ്യപ്പെട്ട് എന്റെ കല്ലിശേരി വാട്ട്‌സാപ്പ് കൂട്ടായ്മയും സമീപവാസികളും സംയുക്തമായി ആക്ഷൻ കൗൺസിൽ രൂപീകരിച്ച് ആശുപത്രിക്ക് മുൻപിൽ സമരം നടത്തിയിരുന്നു. ആശുപത്രിയിലെ മാലിന്യ പ്രശ്‌നങ്ങളെക്കുറിച്ച് വിശദമായി സമീപവാസികൾ ജില്ലാ കളക്ടറെ ധരിപ്പിച്ചിരുന്നു. നിത്യേന ഒരുലക്ഷം ലിറ്റർ മലിനജലം ആലപ്പുഴ സീവേജ് ട്രീറ്റ് മെന്റ് പ്ലാന്റിലെത്തിച്ച് സംസ്‌കരിക്കുന്നതായി പ്രാദേശിക ഭരണകൂടം വ്യക്തമാക്കിയിരുന്നു. എന്നാൽ ഇവിടെനിന്ന് ടാങ്കറിൽ കൊണ്ടുപോകുന്ന മലിനജലം സമീപ പ്രദേശത്തെ ജലസ്രോതസുകളിലും തുറസായ സ്ഥലങ്ങളിലും നിക്ഷേപിക്കുന്നതും കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി. ഇതേ തുടർന്നാണ് മലിനീകരണ ബോർഡ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ജില്ലാ കളക്ടർ 7 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും കളക്ടർ പ്രദേശവാസികൾക്ക് ഉറപ്പുനൽകി. എന്റെ കല്ലിശേരി വാട്ട്‌സ് ആപ്പ് കൂട്ടായ്മ പ്രസിഡന്റ് സജി പാറപ്പുറം, ആക്ഷൻ കൗൺസിൽ ജനറൽ കൺവീനർ റെജി പാലത്തിനാൽ, ജോയിന്റ് കൺവീനർ ബിനുമോൻ പി.എസ്, കൺവീനർമാരായ ഷൈനി പാലത്തിനാൽ, റോയി എം.ജോർജ്, പി.എസ് നൈനാൻ, പി.എൻജയകൃഷ്ണൻ, സുഭദ്ര എന്നിവർ ചർച്ചയിൽ പങ്കെടുത്തു.