annamma
ജില്ലയിലെ 101 വയസുള്ള വോട്ടറായ അന്നമ്മ സാമുവേലിനെ ജില്ലാ കളക്ടർ ഡോ.ദിവ്യ എസ്.അയ്യർ വീട്ടിലെത്തി പൊന്നാടയണിയിച്ച് ആദരിക്കുന്നു

പത്തനംതിട്ട : ജില്ലയിലെ 101 വയസുള്ള വോട്ടറുടെ വീട്ടിലെത്തി പൊന്നാടയണിയിച്ച് ജില്ലാ കളക്ടർ ഡോ.ദിവ്യ എസ് അയ്യർ ആദരിച്ചു. വയോജനദിനത്തോടനുബന്ധിച്ച് ജില്ലയിലെ നൂറുവയസ് പൂർത്തിയായ വോട്ടർമാരെ അനുമോദിക്കുന്നതിന്റെ ഭാഗമായാണ് കോഴഞ്ചേരി താലൂക്കിലെ ഇലന്തൂർ ഈസ്റ്റിൽ പാറപ്പാട്ട് കടക്കൽ അന്നമ്മ സാമുവേലിനെ വീട്ടിലെത്തി ജില്ലാ കളക്ടർ ആദരിച്ചത്.
ചീഫ് ഇലക്ഷൻ കമ്മിഷണറുടെ അനുമോദനപത്രവും കളക്ടർ അന്നമ്മ സാമുവേലിന് കൈമാറി. ജില്ലയിലെ വിവിധ താലൂക്കുകളിലായി പത്തൊമ്പത് മുതിർന്ന പൗരൻമാരെ, ഇ.ആർ.ഒമാരുടെ നേതൃത്വത്തിൽ ചീഫ് ഇലക്ഷൻ കമ്മിഷണറുടെ അനുമോദന പത്രം നൽകി ആദരിച്ചു. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ മുതിർന്ന പൗരൻമാരുടെ സംഭാവന പരിഗണിച്ചാണ് ആദരിക്കൽ ചടങ്ങ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നേതൃത്വത്തിൽ നടത്തുന്നത്.