
കോഴഞ്ചേരി : താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ കുടിവെളള പൈപ്പ് ലൈൻ പൊട്ടി കുടിവെളളം നഷ്ടമാകുന്നുവെന്നും അധികൃതർ അടിയന്തിര ശ്രദ്ധ ചെലുത്തണമെന്നും കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം നിർദ്ദേശിച്ചു. അന്യ സംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുമ്പോൾ വീട്ടുടമസ്ഥരുടെ കൈയിൽ ഇവരെകുറിച്ചുളള വ്യക്തമായ രേഖകൾ ഉണ്ടാകണം. ഇത് ബന്ധപ്പെട്ട അധികാരികൾ എല്ലാ മാസവും പരിശോധന നടത്തണം. തെരുവുനായ ശല്യം രൂക്ഷമാണെന്ന് യോഗം വിലയിരുത്തി. കന്നുകാലിചന്ത പുനഃസ്ഥാപിക്കണമെന്നും യോഗം നിർദ്ദേശിച്ചു. പത്തനംതിട്ട ടൗണിൽ അബാൻ ജംഗ്ഷന് സമീപം നോ പാർക്കിംഗ് എന്നെഴുതിയിട്ടും ബസുകൾ നിർത്തി ആൾക്കാരെ കയറ്റിയിറക്കുന്നത് ടൗണിൽ ഗതാഗത കരുക്കിന് കാരണമാകുന്നതായും യോഗം വിലയിരുത്തി.
റോഡ് സൈഡിലെ ഓടകൾ നികത്തി സ്വകാര്യ വ്യക്തികൾ കൃഷി ചെയ്യുന്നത് ഒഴിവാക്കി ഓടകൾ വൃത്തിയാക്കണമെന്നും യോഗം നിർദ്ദേശിച്ചു. യോഗത്തിൽ ഓമല്ലൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്മിത സുരേഷ് അദ്ധ്യക്ഷയായിരുന്നു.