തിരുവല്ല: നഗരത്തിലെ ബൈപ്പാസിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് അവശനാക്കിയശേഷം സ്വർണാഭരണവും ബുള്ളറ്റും പണവും കവർന്ന സംഭവത്തിൽ ഒളിവിലായിരുന്ന കാപ്പാക്കേസ് പ്രതി അടക്കം രണ്ടുപേർ പൊലീസിന്റെ പിടിയിലായി. അടൂർ പറന്തലിലെ വീട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന തിരുവല്ല കുളക്കാട് ദർശനയിൽ സ്റ്റാൺ വർഗീസ് (29), കുറ്റപ്പുഴ കോഴിക്കോട്ട് പറമ്പ് വീട്ടിൽ പ്രശോഭ് (22) എന്നിവരാണ് പിടിയിലായത്. കാപ്പ ചുമത്തി രണ്ടുമാസം മുമ്പ് ജില്ലയിൽനിന്ന് നാടുകടത്തപ്പെട്ട സ്റ്റാൺ വർഗീസ് ജില്ലയിൽ കടന്നുകയറിയാണ് അതിക്രമം നടത്തിയത്. കേസിലെ പ്രധാന പ്രതിയായ കുറ്റപ്പുഴ ആറ്റുചിറകാട്ടിൽ പറമ്പിൽ റിജോ ഏബ്രഹാം (29) നേരത്തെ പിടിയിലായിരുന്നു. കഴിഞ്ഞമാസം അഞ്ചിന് രാത്രി 12ന് ബൈപ്പാസിലെ സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപമായിരുന്നു സംഭവം. മാവേലിക്കര തട്ടാരമ്പലം കൊച്ചുതറയിൽ വീട്ടിൽ അക്ഷയിന്റെ പരാതിയിലാണ് അറസ്റ്റ്. ഒളിവിൽ കഴിയുന്ന മറ്റു രണ്ടുപ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി സി.ഐ പി.എസ്. വിനോദ് പറഞ്ഞു.