road
ചെങ്ങറ സഹകരണ മെമ്മോറിയൽ റോഡ്

കോന്നി: ചെങ്ങറ സഹകരണ മെമ്മോറിയൽ റോഡ് സഞ്ചാര യോഗ്യമാക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു. അട്ടച്ചാക്കൽ കുമ്പളാംപൊയ്ക റോഡിലെ ചെങ്ങറ കുരിശുംമൂട് ജംഗ്ഷനിൽ നിന്നും തുടങ്ങി പഴയപോസ്റ്റ് ഓഫീസ് വഴി ജി.സി.എസ്.എൽ.പി സ്കൂളിന് സമീപത്തെത്തുന്ന രണ്ടു കിലോമീറ്റർ ദൂരമുള്ള പഞ്ചായത്ത് റോഡാണിത്. അടുത്തിടെ ജില്ലാ പഞ്ചായത്ത്ഫണ്ട് ഉപയോഗിച്ച് റോഡിനു ഡി.ആർ കെട്ടുകയും കോൺക്രീറ്റ് ചെയ്തിരുന്നു. ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡിന്റെ പഴയ പോസ്റ്റ് ഓഫീസ് വരെ വീതി കൂട്ടി ആറു മീറ്റർ ആക്കി. റോഡിന്റെ പകുതി ഭാഗങ്ങൾ ഇപ്പോഴും സഞ്ചാര യോഗ്യമല്ലാതെ തകർന്നു കിടക്കുകയാണ്. റോഡിന്റെ തുടക്കത്തിലെ കോ -ഓപ്പറേറ്റീവ് ബാങ്കിന്റെ മുൻ ഭാഗത്ത് കുഴികൾ രൂപപ്പെട്ട് വെള്ളം കെട്ടിക്കിടപ്പുണ്ട്. റോഡിലെ മാർത്തോമപ്പള്ളിയുടെ മുൻഭാഗം, പ്ലാംകീഴിൽപടി, വാഴയിൽപടി, പഴയ പോസ്റ്റ് ഓഫീസ് തുടങ്ങിയ ഭാഗങ്ങളെല്ലാം തകർന്നു കിടക്കുകയാണ്. റോഡിലെ പലഭാഗത്തും മാസങ്ങളായി തടികൾ ഇറക്കി വച്ചിരിക്കുന്നതും വാഹനങ്ങൾക്ക് സൈഡ് കൊടുക്കാനും തടസമാകുന്നു. ഈ റോഡിലൂടെ കത്തോലിക്കാ പള്ളിയുടെ സെമിത്തേരിയുടെ സമീപത്തുകൂടി ചെങ്ങറ ജി.സി.എസ്.എൽ.പി സ്കൂളിന് മുൻപിൽ അട്ടച്ചാക്കൽ കുമ്പളാംപൊയ്ക റോഡിൽ എത്തിച്ചേരാനും കഴിയും. ചെങ്ങറയിൽ നിന്നും അട്ടച്ചാക്കലിലേക്ക് ഗതാഗത സൗകര്യങ്ങൾ പരിമിതമായിരുന്നു കാലത്ത് നാട്ടുകാർക്ക് പഴയപോസ്റ്റ് ഓഫീസ്, കണിയിടത്തുപടി, കുമ്പഴതോട്ടം, മുക്കോത്തിപ്പുന്ന വഴി പുതുക്കുളത്തക്കും തുടർന്ന് മലയാലപ്പുഴ വഴി പത്തനംതിട്ടയിലേക്കും പോകുന്നതിനു നിർമ്മിച്ച റോഡാണിത്. പിൽകാലത്ത് അട്ടച്ചാക്കൽ വഴി കോന്നിയിലേക്കും പത്തനംതിട്ടയിലേക്കും ഗതാഗത സൗകര്യങ്ങൾ വർദ്ധിച്ചെങ്കിലും പ്രദേശത്തെ ജനങ്ങൾക്ക് ഏറെ പ്രയോജനകരമായിരുന്നു ഈ റോഡ്.

.............................

നിരവധി ആളുകൾ യാത്ര ചെയ്യുന്ന റോഡ് കുണ്ടും കുഴിയുമായി ചെളിവെള്ളം കെട്ടിക്കിടക്കുകയാണ്. അധികൃതർ ഇടപെട്ട് അടിയന്തരമായി പരിഹാരം കാണണം.

ഏബ്രഹാം ചെങ്ങറ

(റോഡ് വികസന സമിതി കൺവീനർ)