പന്തളം: പന്തളം നഗരസഭയിൽ അഴിമതി നടത്താൻ ചെയർ പേഴ്‌സണും സെക്രട്ടറിയും ഒത്തുകളിക്കുന്നെന്ന് എൽ.ഡി.എഫ് ആരോപിച്ചു. 2015-20 ലെ ഭരണമിതി മുൻസിപ്പൽ ഓഫീസ് കെട്ടിടം പണിയുവാൻ തീരുമാനിക്കുകയും കെട്ടിടത്തിന്റെ പ്ലാനും എസ്റ്റിമേറ്റും തയാറാക്കുവാൻ തൃശൂർ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയെ ഏൽപ്പിച്ച് അഡ്വാൻസും വാങ്ങിയതാണ്. 2020ൽ പുതിയഭരണ സമിതി വന്ന് പ്ലാൻ മുഴുവൻ മാറ്റിമറിച്ച് പുതിയ ഡി പി.ആർ തയാറാക്കുവാൻ തീരുമാനിച്ചു. എന്നാൽ കൗൺസിൽവിളിച്ച് അജണ്ട വെയ്ക്കാതെ, കൗൺസിൽ ചർച്ച ചെയ്യാതെ പുതിയ കരാർ സെക്രട്ടറിയും ചെയർപേഴ്‌സണും ചേർന്ന് ഒപ്പു വയ്ക്കുകയായിരുന്നു. സെപ്തംബർ 19ന് കൗൺസിൽ വിളിച്ചെങ്കിലും പ്രതിപക്ഷം ഒന്നടങ്കം വിയോജനം രേഖപ്പെടുത്തി സഭ വിട്ടു പോയതുമാണ്. വൻ അഴിമതിക്കാണ് തുടക്കം കുറിച്ചിരിക്കുന്നതെന്ന് എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ ലസിതാനായർ അറിയിച്ചു. കൗൺസിലർമാരായ രാജേഷ്‌കുമാർ, എസ്.അരുൺ, ഷെഫിൻ റജീബ് ഖാൻടി.കെ.സതി, അജിതകുമാരി,​അംബികാരാജേഷ്, സക്കീർ എച്ച് എന്നീ കൗൺസിലർമാർ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടു.