പന്തളം : ശബരിമല തീർത്ഥാടനം ആരംഭിക്കുവാൻ ഏതാനും മാസങ്ങൾ ബാക്കി നിൽക്കെ പന്തളത്ത് ഒരുക്കങ്ങൾ പാതി വഴിയിൽ. മുൻ വർഷങ്ങളെ അപേക്ഷിച്ച് അയ്യപ്പ ഭക്തരുടെ വരവിൽ വർദ്ധനവുണ്ടാകും എന്ന കാര്യം മുന്നിൽ നിൽക്കെ വിവിധ വകുപ്പുകൾ കേന്ദ്രീകരിച്ചു പൂർത്തീകരിക്കേണ്ട ഒരുക്കങ്ങൾ വൈകുകയാണ്. രണ്ട് വർഷം മുൻപ് പൂർത്തിയായ അന്നദാന ഭജന മണ്ഡപത്തിൽ ഇതുവരെയും വൈദ്യുതീകരണവും പ്ലബിംഗ് നടപടികളും പൂർത്തിയായിട്ടില്ല. ക്ഷേത്രത്തിൽ എത്തുന്ന സ്വാമിമാർക്ക് വിരി വയ്ക്കാനും വിശ്രമിക്കുവാനും ലക്ഷ്യമിട്ടാണ് കെട്ടിടം പണി നടത്തിയത്. ഭജന മണ്ഡപത്തിൽ തത്കാലികമായെങ്കിലും വൈദ്യുതി എത്തിച്ച് കെട്ടിടം ലേലത്തിൽ നൽകി ഭക്തർക്ക് വിരി വയ്ക്കുവാനുള്ള ക്രമീകരണം ബോർഡിന്റെ ഭാഗത്തു നിന്നും ഉണ്ടാവേണ്ടതുണ്ട്. പുതിയ കെട്ടിടത്തിലേക്ക് അന്നദാന വിതരണവും മാറ്റണം എന്നിരിക്കെ മതിയായ ഡസ്‌ക്, കസേര മുതലായ സൗകര്യങ്ങളും ഏർപ്പെടുത്തേണ്ട കാര്യത്തിൽ ഇതുവരെയും ബോർഡ് തീരുമാനം ആയിട്ടില്ല. ഭജന മണ്ഡപത്തിന് സമീപത്തായി നിർമ്മാണവുമായി ബന്ധപ്പെട്ട് ഉണ്ടായ കുഴികളിൽ മലിനജലം കെട്ടി നിന്നതിനെ തുടർന്ന് ആരോഗ്യ വകുപ്പ് ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റർക്ക് നോട്ടീസ് നൽകിയിരുന്നു.അതേപോലെ പഴയ ടോയ്‌ലറ്റ് ബ്ലോക്ക് പൊളിച്ച് മാറ്റി പുതിയത് നിർമ്മിക്കേണ്ടതിന്റെ സാഹചര്യം ദേവസ്വം മന്ത്രിയോട് അവതരിപ്പിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിലും തീരുമാനം വൈകുകയാണ്. പ്രളയ സമയത്ത് ഇടിഞ്ഞു പോയ മതിൽ കെട്ടി സംരക്ഷിക്കുവാൻ കളക്ടർ ഉൾപ്പെടെ സ്ഥലം സന്ദർശിച്ച് വകുപ്പ് ഉദ്യോഗസ്ഥർ എസ്റ്റിമേറ്റ് സഹിതം തയാറാക്കിയിരുന്നെങ്കിലും പിന്നീട് അതിനെ സംബന്ധിച്ച് തുടർ നടപടികൾ ഒന്നും ഉണ്ടായില്ല.നഗരസഭയുടെ ശബരിമല ഫണ്ടിൽ നിന്നും 35 ലക്ഷം ചിലവഴിക്കാം എന്നിരിക്കെ അതിന്റെ ഭാഗമായി ടോയ്ലറ്റ് അല്ലെങ്കിൽ ശൗചാലയം സംവിധാനങ്ങൾ ഏർപ്പെടുത്താവുന്നതാണ്. എന്നാൽ അതിനും ബോർഡ് അനുമതിയും സ്ഥല ലഭ്യതയും ആവശ്യമാണ്. കൊവിഡ് കാരണം മുടങ്ങി കിടന്ന ക്ഷേത്രത്തിലെ മരാമത്ത് പണികൾ ഇത്തവണ നടത്തേണ്ടതുണ്ട്.
നടപടി സ്വീകരിക്കുമെന്ന് അധികൃതർ
തീർത്ഥാടന സംബന്ധമായ പ്രശ്‌നങ്ങൾ ചൂണ്ടി കാട്ടി കഴിഞ്ഞ ദിവസം ഉപദേശക സമിതി പ്രസിഡന്റ് ജി.പൃഥ്വിപാൽ സെക്രട്ടറി ആഘോഷ് വി.സുരേഷ് എന്നിവർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപനുമായി കൂടിക്കാഴ്ച്ച നടത്തുകയും യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.