 
ആറന്മുള: ഗാന്ധി സേവാഗ്രാമിന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തിയോട് അനുബന്ധിച്ച് ഗാന്ധി സ്മൃതിപഥം പദയാത്ര ആറന്മുള ക്ഷേത്രത്തിന് മുന്നിൽ നിന്നും ഇലന്തൂരിലേക്ക് സംഘടിപ്പിച്ചു. 1937 ജനുവരി 30ന് ആയിത്തോച്ചാടനത്തിന്റെ ഭാഗമായി ആറന്മുള ക്ഷേത്ര സന്ദർശനം നടത്തിയ മഹാത്മാ ഗാന്ധി ഇലന്തൂരിലെ പൊതുയോഗത്തിന് സഞ്ചരിച്ച വഴിയിലൂടെയാണ് പദയാത്ര കടന്ന് പോയത്. ആറന്മുളയിൽ ആന്റോ ആന്റണി എം. പി ഗാന്ധിസേവാഗ്രാം ചെയർമാൻ അനീഷ് വരിക്കണ്ണാമലക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. പദയാത്ര പരമൂട്ടിൽപടിയിൽ എത്തിയപ്പോൾ ഗാന്ധിയൻ വനജാക്ഷിയമ്മയെ ആദരിക്കുകയും ദക്ഷിണ നൽകുകയും ഖദർ വസ്ത്രങ്ങൾ സമ്മാനിക്കുകയും ചെയ്തു. തുടർന്ന് ഇലന്തൂർ മാർക്കറ്റ് ജംഗ്ഷനിൽ പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി മാത്യു, കെ.പി മുകുന്ദൻ, പി.എം ജോൺസൻ, വിൻസൻ ചിറക്കാല, ജയശ്രീ മനോജ്, ഷിജിൻ കെ.മാത്യു തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്ന് ഇലന്തൂർ ഗാന്ധി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയോടും പൊതുയോഗത്തോടും കൂടി പദയാത്ര സമാപിച്ചു. സോണി എം.ജോസ്, ഷെബിൻ വി ഷെയ്ഖ്, ദർശൻ ഡി.കുമാർ, അഡ്വ.വി.ആർ.സോജി, അജി കരിംകുറ്റി, സാലി മാത്യു, ജോൺസൻ ആഴക്കാട്ടിൽ, നേജോ മെഴുവേലിൽ, ജോമി പുന്നക്കാട്, തഥാഗതൻ ബി.കെ, എം.എം.പി ഹസ്സൻ, അഫ്‌സൽ വി.ഷെയ്ഖ്, സതീഷ് ബാബു, അലൻ ജിയോ മൈക്കിൾ തുടങ്ങിയവർ നേതൃത്വം നൽകി.