തിരുവല്ല : വിലപ്പെട്ട അഞ്ചു ജീവനുകൾ രക്ഷിച്ചെടുക്കുവാൻ ജാതിമത രാഷ്ട്രീയഭേദമന്യേ കടപ്ര ഗ്രാമം ഒരുമിച്ചപ്പോൾ കേവലം ആറുമണിക്കൂറുകൾ കൊണ്ട് സമാഹരിച്ചത് അരക്കോടി രൂപ. വൃക്കരോഗ ബാധിതരായ അഞ്ചു പേർക്ക് കരുതലും കൈത്താങ്ങുമായി ഗാന്ധിജയന്തി ദിനത്തിൽ കടപ്ര പഞ്ചായത്തിലെ ജനങ്ങൾ തോളോട് തോൾ ചേർന്ന് ഇറങ്ങിയപ്പോഴാണ് ഈ തുക കണ്ടെത്താനായത്. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആവശ്യമായി വന്നിരിക്കുന്ന അഞ്ചു പേരുടെ ചികിത്സാ ചെലവിനായുള്ള ഒരുകോടി രൂപ കണ്ടെത്തുന്നതിനുള്ള പ്രയത്നമാണ് ഗാന്ധിജയന്തി ദിനത്തിൽ കടപ്ര പഞ്ചായത്ത് ജീവൻ രക്ഷാസമിതി നടത്തിയത്. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ഉടൻ വിധേയരാകേണ്ട കടപ്ര പഞ്ചായത്ത് നിവാസികളായ കല്ലുവാരത്തിൽ എം. മുകേഷ് (30), കോട്ടയ്ക്കകത്ത് രഞ്ജിത്ത് കെ.രവി (30), ഇടയാടി തുണ്ടിയിൽ വീട്ടിൽ പ്രമോദ് കുമാർ (48), തെക്കേടത്ത് പറമ്പിൽ മാളൂട്ടി സെൽവൻ ( 25 ), നടുവിലെ പറമ്പിൽ ശരണ്യ ഗോപകുമാർ (34) എന്നിവർക്ക് വേണ്ടിയാണ് ജനങ്ങളും ജനപ്രതിനിധികളും കൈകോർത്തത്. ഈ അഞ്ചു പേരുടെയും ജീവൻ നിലനിർത്താൻ വൃക്ക മാറ്റിവയ്ക്കൽ അനിവാര്യമാണെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുകയാണ്. എന്നാൽ ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കും ആവശ്യമായ തുക കണ്ടെത്താൻ സാധിക്കാതിരുന്നതോടെയാണ് ധനസമാഹരണവുമായി ജീവൻ രക്ഷാസമിതി മുന്നിട്ടിറങ്ങിയത്. പഞ്ചായത്തിലെ 15 വാർഡുകളുടെയും മുഴുവൻ വീടുകളിലും എത്തി ധനസമാഹരണം നടത്തുക എന്നതാണ് സമിതി ലക്ഷ്യം വയ്ക്കുന്നത്. രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെയുള്ള സമയം കൊണ്ട് മുഴുവൻ വീടുകളിലും എത്തി ചികിത്സയ്ക്കാവശ്യമായ പണം ജീവൻ രക്ഷാസമിതി ശേഖരിച്ചു. വിദേശങ്ങളിൽ ഉള്ളവരിൽ നിന്ന് ബാങ്ക് മുഖേന പണം കൈപ്പറ്റും. കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷാ അശോകൻ , വൈസ് പ്രസിഡന്റ് മേഴ്സി ഏബ്രഹാം, ജീവൻ രക്ഷാസമിതി ജനറൽ കൺവീനർ ജോസ് വി ചെറി, രക്ഷാധികാരി കെ.വി.സുരേന്ദ്രനാഥ് എന്നിവരുടെയും വാർഡ് മെമ്പർമാരുടെയും നേതൃത്വത്തിലാണ് ധനസമാഹരണ യജ്ഞം നടത്തിയത്. ഈ മാസം 30തോടെ ഇവരുടെ ചികിത്സയ്ക്ക് ആവശ്യമായ എഴുപത്തിയഞ്ച് ലക്ഷം രൂപ കൈമാറാനാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.