മല്ലപ്പള്ളി : മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിടം ശോച്യവസ്ഥയിൽ. ചോർന്നൊലിക്കുന്ന കെട്ടിടം ജീവനക്കാർക്കും പൊതുജനങ്ങൾക്കും ദുരിതമാകുന്നു. അരനൂറ്റാണ്ടിലേറെ പഴക്കമുള്ള ഓടുമേഞ്ഞ കെട്ടിടമാണ് ചോർന്നൊലിച്ച് നിലംപൊത്താറായത്. ഓടിന് മുകളിലായി പടുത വലിച്ചു കെട്ടിയാണ് ചോർച്ചയിൽ നിന്നും ജീവനക്കാർ രക്ഷപെടുന്നത്. കമ്പ്യൂട്ടറും പ്രിന്ററും അടക്കമുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങളും സംരക്ഷിയ്ക്കുന്നതും ഇതുവഴി തന്നെ. ഓഫീസ് പരിസരത്തെ മറ്റ് കെട്ടിടങ്ങളിലെ ഓടുകൾ മാറ്റി ടിൻ ഷീറ്റ് സ്ഥാപിച്ചെങ്കിലും ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിന് നിർമ്മാണ പ്രവർത്തികൾ നടത്താത്തത് ശോച്യാവസ്ഥയ്ക്ക് ആക്കം വർദ്ധിപ്പിക്കുന്നതിന് കാരണമായി. ബ്ലോക്ക് പഞ്ചായത്ത് 2021-22 വാർഷീക പദ്ധതിയിൽ 10 ലക്ഷം വിനിയോഗിച്ച് ചുറ്റുമതിൽ നിർമ്മിച്ചെങ്കിലും ഓഫീസ് കെട്ടിടത്തെ പൂർണമായും അവഗണിച്ചു. ഓഫീസ് കെട്ടിടത്തിന് പുറത്തെ കോൺക്രീറ്റ് തറയിലെ പായലും അപകടഭീതി പരത്തുന്നു. കെട്ടിടം പൊളിച്ച് മാറ്റി പുതിയത് നിർമ്മിച്ചാൽ മാത്രമെ പ്രശ്നത്തിന് പരിഹാരമാകുകയുള്ളു. അധികാരികളുടെ നിസംഗത അവസാനിപ്പിച്ച് തുടർനടപടി സ്ഥീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം