 
ചെങ്ങന്നൂർ: തിരുവൻവണ്ടൂർ പരസ്പര സഹായസഹകരണ സംഘം വൈഷ്ണവി കൂട്ടായ്മയുടെ നേതൃത്വത്തിൽ കൃഷി ചെയ്ത പച്ചക്കറികളുടെ വിളവെടുപ്പ് നടത്തി. വിളവെടുപ്പിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.വി സജൻ നിർവഹിച്ചു. വാർഡ് അംഗം സജു ഇടക്കല്ലിൽ അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ ചെയർപേഴ്‌സൺ ഗീതാ സദാനന്ദൻ മുഖ്യാതിഥിയായി. അഞ്ചാം വാർഡിൽ സ്വകാര്യ വ്യക്തിയുടെ കൃഷിഭൂമിയിലാണ് കൃഷിയിടം ഒരുക്കിയത്. വെണ്ട പയർ, തക്കാളി, വാഴ, കപ്പ, കോവൽ, പച്ചമുളക് എന്നിവയാണ് കൃഷി ചെയ്തത്. തിരുവൻവണ്ടൂർ കൃഷിഭവനിൽ നിന്നാണ് വിത്തുകൾ ശേഖരിച്ചത്. ജെ.എൽ.ജി വൈഷ്ണവി ഗ്രൂപ്പിൽ പെട്ട ഗിരിജ രമേശ്, ഉഷാകുമാരി, മണിയമ്മ, സുജാത, പ്രസന്ന എന്നിവരാണ് കൃഷിയിറക്കിയത്. കൃഷി അസി.ഓഫീസർ സജീവ് വേണ്ട നിർദേശങ്ങൾ നൽകി. അടുത്ത ഘട്ടമായി ബന്ദിപ്പൂ കൃഷി ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് ഗ്രൂപ്പ് അംഗങ്ങൾ.