daily
പത്തനംതിട്ട സ്റ്റേഡിയം ജംഗ്ഷനിലെ റൗണ്ട് ഏബൗട്ട്

പത്തനംതിട്ട : സ്റ്റേഡിയം ജംഗ്ഷനിലെ റൗണ്ട് ഏബൗട്ട് പരീക്ഷണത്തിൽ യാത്രക്കാർ വലയുകയാണ്. റോഡിന് നടുക്ക് ഹൈമാസ് ലൈറ്റിന് ചുറ്റും അഞ്ച് മീറ്റർ അകലത്തിലാണ് ചാക്ക് നിരത്തി റൗണ്ട് എബൗട്ട് മാതൃകാ ക്രമീകരിച്ചിരിക്കുന്നത്. ഇതോടെ വാഹനങ്ങൾക്ക് കടന്ന് പോകാൻ കഴിയാത്ത സ്ഥിതിയാണ്. വേഗത്തിൽ കടന്ന് പോകുന്ന വാഹനങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ വലിയ അപകടം സംഭവിക്കാൻ സാദ്ധ്യതയുണ്ട്. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ ചെലവഴിച്ചുള്ള പദ്ധതിയിൽ ഉൾപ്പെട്ടതാണ് റൗണ്ട് എബൗട്ട്. കാത്തിരിപ്പ് കേന്ദ്രം, റോഡിന് സമീപം കല്ലിട്ട് റോഡിന് വീതി കൂട്ടൽ എന്നിവയ്‌ക്കെല്ലാം കൂടിയാണ് ഈ തുക വകയിരുത്തിയിരുന്നത്. കാത്തിരിപ്പ് കേന്ദ്രത്തിന്റെ പണി പൂർത്തിയായിട്ട് രണ്ട് വർഷം കഴിഞ്ഞു.

റൗണ്ട് എബൗട്ട് നിർമ്മിക്കാൻ ഇവിടെ സ്ഥലം തികയുമോയെന്ന സംശയത്തിലാണ് ഇപ്പോഴും അധികൃതർ. വീതി കുറഞ്ഞ റോഡുകളായതിനാൽ അവ വീതി കൂട്ടിയെങ്കിൽ മാത്രമേ റൗണ്ട് എബൗട്ട് സ്ഥാപിക്കാൻ കഴിയു. ചാക്കുകളുടെ തണൽപറ്റി നിരവധി തെരുവ് നായ്ക്കൾ നിലയുറപ്പിച്ചിട്ടുണ്ട്. വാഹനങ്ങൾ വരുമ്പോൾ ഇവ മുമ്പോട്ട് ചാടിയും അപകടമുണ്ടാകുന്നുണ്ട്. പി.ഡ‌ബ്യൂ.ഡി വകുപ്പിനാണ് നിർമ്മാണ ചുമതല. ആദ്യം ഏഴും പിന്നീട് അഞ്ചും മീറ്ററിൽ ചാക്ക് നടുറോഡിൽ നിരത്തിയിട്ട് മാസങ്ങൾ കഴിഞ്ഞു. ഉന്നത ഉദ്യോഗസ്ഥരടക്കം കടന്നു പോകുന്ന റോഡാണിത്. അടൂർ, ഓമല്ലൂർ ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ നഗരത്തിലേക്ക് പ്രവേശിക്കുന്ന ട്രാഫിക് ജംഗ്ഷൻ കൂടിയാണിത്. വലിയ വാഹനങ്ങൾ നിരന്തരം യാത്ര നടത്തുന്ന സ്ഥലത്താണ് ചാക്ക് നിരത്തി പരീക്ഷണം.