ചെങ്ങന്നൂർ: കല്ലിശേരി കെ.എം ചെറിയാൻ ആശുപത്രിയിലെ കക്കൂസ് മാലിന്യം സമീപ പ്രദേശങ്ങളിലേക്ക് ഒഴുക്കിവിടുകയും ആശുപത്രിമാലിന്യം അശാസ്ത്രീയമായി കത്തിക്കുകയും ചെയ്യുന്നെന്ന പരാതിയിൽ മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. സമീപ വീടുകളിലെ കിണറുകളിലെ ജലം പരിശോധനയ്ക്കായി ശേഖരിച്ചു. പുരയിടത്തിലെ മണ്ണ് പരിശോധിക്കുകയും ചെയ്തു. ആശുപത്രിയിലെ മാലിന്യ സംസ്‌കരണ യൂണിറ്റും പരിശോധിച്ചു. ആശുപത്രിയും സമീപ വീടുകളുമായുളള ദൂരം അളന്നുതിട്ടപ്പെടുത്തി. ആശുപത്രിയിൽ നിന്ന് പമ്പനദിയിലേക്ക് മാലിന്യമൊഴുക്കാൻ പൈപ്പ് സ്ഥാപിച്ച ഭാഗങ്ങൾ കണ്ടു. വിശദമായ റിപ്പോർട്ട് 6ന് ജില്ലാ കളക്ടർക്ക് കൈമാറുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ആശുപത്രിക്കെതിരെ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ജില്ലാ കളക്ടർക്ക് നൽകിയ പരാതിയെ തു
ടർന്നാണ് പരിശോധന നടത്താൻ നിർദ്ദേശിച്ചത്.
മഴക്കാലത്ത് തുറസായ സ്ഥലത്തേക്കും വേനൽക്കാലത്ത് വലിയ കുഴികൾ എടുത്ത് അതിലേക്കുമാണ് ആശുപത്രിയിൽ നിന്നുള്ള മാലിന്യം പമ്പു ചെയ്യുന്നത്. ഇതിന്റെ ഊറ്റൽ സമീപത്തെ താഴ്ന്ന പുരയിടങ്ങളിലേക്കും കിണറുകളിലേക്കും എത്തും. മാലിന്യ പ്രശ്‌നം സംബന്ധിച്ച് ആശുപത്രി അധികൃതരോട് ഇതിനോടകം ഏഴുതവണ പരിസരവാസികൾ പരാതി പറയുകയും ചർച്ച നടത്തുകയും ചെയ്തിരുന്നു. പിന്നീടാണ് മാലിന്യം ടാങ്കറിൽ ശേഖരിച്ച് പുറത്തേക്ക് കൊണ്ടുപോയത്. നിത്യേന ഒരുലക്ഷം ലിറ്ററിലധികം മാലിന്യം പുറത്തേക്ക് കൊണ്ടുപോകുന്നുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ഇത് ജലസ്രോതസുകളിലും പാടശേഖരങ്ങളിലും കനാലുകളിലും തുറസായ സ്ഥലങ്ങളിലും തള്ളുകയാണെന്ന് നാട്ടുകാർ കളക്ടറുമായി നടത്തിയ ചർച്ചയിൽ പറഞ്ഞിരുന്നു. മാലിന്യം പുറത്തുകൊണ്ടുപോകുന്നുണ്ടെന്ന് പ്രദേശിക ഭരണകൂടവും കളക്ടറെ അറിയിച്ചിരുന്നു. മലിനീകരണ നിയന്ത്രണ ബോർഡിലെ രണ്ടംഗ സംഘമാണ് പരിശോധനയ്‌ക്കെത്തിയത്.