 
തിരുവല്ല: വിജയദശമിയോടനുബന്ധിച്ച് ക്ഷേത്രങ്ങളിലും സാംസ്ക്കാരിക കേന്ദ്രങ്ങളിലും നടന്ന വിദ്യാരംഭത്തിൽ ആയിരക്കണക്കിന് കുരുന്നുകൾ അറിവിന്റെ ആദ്യക്ഷരം കുറിച്ചു. എസ്.എൻ.ഡി.പി.യോഗം 594-ാം പെരിങ്ങര ഗുരുവാണീശ്വരം ശാഖയുടെ സരസ്വതീ ക്ഷേത്രത്തിൽ പെരുന്ന സന്തോഷ് തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ കുട്ടികളെ ആദ്യക്ഷരം കുറിപ്പിച്ചു. എസ്.എസ്.എൽ.സി.പരീക്ഷയിൽ ഉന്നതവിജയം നേടിയവർക്ക് കാഷ് അവാർഡുകൾ വിതരണം ചെയ്തു. തുടർന്ന് വിശേഷാൽ പൂജ നടത്തി. എസ്.എൻ.ഡി.പി.യോഗം 100-ാം മുത്തൂർ ശാഖയുടെ സരസ്വതീ ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾക്കുശേഷം പൂജയെടുപ്പും വിദ്യാരംഭവും നടത്തി. മേൽശാന്തി വിശ്വനാഥൻ ശാന്തി മുഖ്യകാർമ്മികത്വം വഹിച്ചു.
തിരുവല്ല ശ്രീരാമകൃഷ്ണ ആശ്രമത്തിൽ സ്വാമി വീതസ്പൃഹാനന്ദ ജി മഹാരാജ് കുട്ടികളെ ആദ്യാക്ഷരം പകർന്നുനൽകി. സ്വാമി നിർവിണാനന്ദ ജി മഹാരാജ്, ആചാര്യ ഗോപാലകൃഷ്ണ വൈദിക് എന്നിവർ പ്രഭാഷണം നടത്തി. തുടർന്ന് സംഗീതാർച്ചനയും കുട്ടികളുടെ നൃത്തപരിപാടികളും ഉണ്ടായിരുന്നു.
നിരണം തൃക്കപാലീശ്വരം ക്ഷേത്രത്തിൽ കാളിയിറയത്തും കണ്ണശ പറമ്പിലും കുരുന്നുകൾക്ക് വിദ്യാരംഭം കുറിച്ചു. കോട്ടയം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എസ്.സുരേഷ്‌കുമാർ, എം.ജി.സർവകലാശാല മുൻ സിന്റിക്കേറ്റംഗം പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, മുൻ ലേബർ കമ്മിഷണർ എ.ജെ.രാജൻ, കോട്ടയം മെഡിക്കൽ കോളേജ് സർജറി വിഭാഗം പ്രൊഫ. ഡോ .ശശികുമാർ, മാതൃസമിതി പ്രസിഡന്റ് പ്രൊഫ.പി.ടി.രത്നമ്മ, സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് റിട്ട.ഹെഡ്മാസ്റ്റർ ഫിലിപ്പ് വർഗീസ് കാട്ടുപറമ്പിൽ, അദ്ധ്യാപിക പി.സി.ഗിരിജ, ദേവസ്വംബോർഡ് സ്‌കൂൾ പ്രിൻസിപ്പൽ ലതാ രാമൻനായർ എന്നിവർ ആചാര്യന്മാരായി.പെരിങ്ങര യമ്മർകുളങ്ങര മഹാഗണപതി ക്ഷേത്രസമിതിയുടെ നേതൃത്വത്തിൽ നവരാത്രി മഹോത്സവത്തോട് അനുബന്ധിച്ച് മഹാഗണപതി ഹോമം, സരസ്വതിപൂജ, വിശേഷൽ ദീപാരാധ,വിദ്യാരംഭം എന്നിവ നടന്നു ക്ഷേത്രസമിതി അംഗങ്ങളായ മധു ഒട്ടത്തിൽ, മജി, സനിൽ കുമാർ, രാജശേഖരൻ എന്നിവർ നേതൃത്വം നൽകി.കുന്നന്താനം ഗുരുവിനായക ക്ഷേത്രത്തിൽ വിജയദശമിയോടനുബന്ധിച്ച് വിശേഷാൽ പൂജയും പൂജയെടുപ്പും വിദ്യാരംഭവും നടന്നു. വിദ്യാരംഭത്തിന് പെരുന്ന സന്തോഷ് തന്ത്രി മുഖ്യകാർമ്മികത്വം വഹിച്ചു. പെരിങ്ങര ലക്ഷ്മീ നാരായണ ക്ഷേത്രത്തിൽ രാവിലെ മഹാസരസ്വതി പൂജ നടത്തി. പൂജയെടുപ്പിനുശേഷം വിദ്യാരംഭവും കുറിച്ചു.സരസ്വതീ മണ്ഡപത്തിൽ സഹസ്രനാമർച്ചനയും സാരസ്വതഘൃത വിതരണവും തുടർന്ന് ഗാനഭൂഷണം ശാന്താഭായിയുടെ സംഗീതാരാധനയും നടന്നു. രമേശ് ഇളമൺ നമ്പൂതിരി, കൃഷ്ണൻ നമ്പൂതിരി, ശ്രീനാഥ് എന്നിവർ കാർമ്മികത്വം വഹിച്ചു.