പന്തളം: വെളിച്ചമേ നയിച്ചാലും എന്നു പറയുമ്പോൾ ആനന്ദിക്കുന്നവരാണു ഭാരതീയരെന്നു ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു. പന്തളം പാട്ടുപുരക്കാവ് സരസ്വതീക്ഷേത്ര നവരാത്രി മണ്ഡപത്തിൽ 57-ാമതു നവരാത്രി ആഘോഷത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പന്തളത്തിന്റെ പരിധിയിൽ കഴിഞ്ഞ എസ്.എസ്.എൽ.സി/ പ്ലസ് ടൂ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കും സ്‌കൂളുകൾക്കുമുള്ള അവാർഡുകളും ട്രോഫിയും അദ്ദേഹം നല്കി. തിന്മയ്‌ക്കെതിരെയുള്ള നന്മയുടെ വിജയമാണു നമ്മൾ നവരാത്രിയായി ആഘോഷിക്കുന്നതെന്നു ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. ദുഷ്ട ചിന്തകളെ അകറ്റി നന്മയിലൂടെയും സ്‌നേഹത്തിലൂടെയും നന്മയെ നമ്മിലേക്കു കൊണ്ടുവരാൻ നവരാത്രി ആഘോഷങ്ങളിലൂടെ നമുക്കു കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ആഘോഷ കമ്മിറ്റി പ്രസിഡന്റ് പന്തളം ശിവൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എംപി, പന്തളം നഗരസഭാദ്ധ്യക്ഷ സുശീല സന്തോഷ് എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി ജി.ഗോപിനാഥപിള്ള സ്വാഗതവും ജോയിന്റ് സെക്രട്ടറി ഐഡിയൽ ശ്രീകുമാർ നന്ദിയും പറഞ്ഞു. തുടർന്നു തിരുവനന്തപുരം സൗപർണികയുടെ 'ഇതിഹാസം' നാടകം നടന്നു.