chittayam
ഇലവുംതിട്ട മൂലൂർ സ്മാരകത്തിൽ മഹാകവി കുമാരനാശാന്റെ 150-ാം ജയന്തിയും ദുരവസ്ഥയുടെയും ചണ്ഡാലഭിക്ഷുകിയുടെയും രചന ശതാബ്ദിയും നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു. മുൻ എം.എൽ.എയും മൂലൂർ സ്മാരക കമ്മറ്റി പ്രസിഡന്റുമായ കെ.സി. രാജഗോപാലൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം രജിത കുഞ്ഞുമോൻ, മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധർ , വൈസ് പ്രസിഡന്റ് അനില ചെറിയാൻ, മൂലൂർ സ്മാരക കമ്മിറ്റി സെക്രട്ടറി പ്രൊഫ.ഡി. പ്രസാദ്, മാനേജിംഗ് കമ്മിറ്റിയംഗം ജി.കൃഷ്ണകുമാർ തുടങ്ങിയവർ സമീപം

പത്തനംതിട്ട : കുമാരനാശാൻ തൂലിക പടവാളാക്കിയത് ജാതിവ്യവസ്ഥയ്‌ക്കെതിരെ പോരാടാനെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. കുമാരനാശാന്റെ 150-ാം ജയന്തിയും ദുരവസ്ഥയുടെയും ചണ്ഡാലഭിക്ഷുകിയുടെയും രചനാ ശതാബ്ദിയോടും അനുബന്ധിച്ച് ഇലവുംതിട്ട മൂലൂർ സ്മാരകത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാട്ടിൽ നിലനിന്ന അനാചാരങ്ങൾക്കെതിരെ മാത്രമല്ല സാമൂഹ്യജീവിതത്തിൽ ശ്രദ്ധിക്കാതെ പോകുന്ന വിഷയങ്ങളെ ശ്രദ്ധയിൽപ്പെടുത്തുന്ന വിഷയങ്ങളാക്കാൻ തന്റെ രചനയിലൂടെ അദ്ദേഹത്തിന് കഴിഞ്ഞുവെന്നും ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു.

സംസ്ഥാന വിവരവകാശ കമ്മി​ഷണർ കെ.വി.സുധാകരൻ മുഖ്യപ്രഭാഷണം നിർവഹിച്ചു. മൂലൂർ സ്മാരക കമ്മി​റ്റി പ്രസിഡന്റ് കെ.സി.രാജഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം രജിത കുഞ്ഞുമോൻ, മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധർ , വൈസ് പ്രസിഡന്റ് അനില ചെറിയാൻ, മൂലൂർ സ്മാരക കമ്മിറ്റി സെക്രട്ടറി പ്രൊഫ.ഡി.പ്രസാദ്, മാനേജിംഗ് കമ്മിറ്റിയംഗം ജി.കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുത്തു.
വിജയദശമി ദിനത്തിൽ നടന്ന വിദ്യാരംഭ ചടങ്ങിൽ കെ.വി. സുധാകരൻ, അശോകൻ ചരുവിൽ, റവ. ഡോ. മാത്യു ഡാനിയേൽ, ഡോ. കെ.ജി. സുരേഷ് പരുമല എന്നിവർ ഒട്ടനവധി കുഞ്ഞുങ്ങൾക്ക് ആദ്യക്ഷരം കുറിച്ചു.
ഇന്ന് രാവിലെ 10.30ന് ആശാൻ കവിതകളെ കുറിച്ചുള്ള ചർച്ച പരിപാടി സജി ചെറിയാൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഡോ.പി.സോമൻ, പ്രൊഫ. വിശ്വമംഗലം സുന്ദരേശൻ എന്നിവർ വിഷയാവതരണവും ഉച്ചയ്ക്ക് 2:30ന് നടക്കുന്ന ചണ്ഡാലഭിക്ഷുകിയുടെ സമകാലിക പ്രസക്തി എന്ന വിഷയത്തിൽ ഡോ.കെ.പ്രസന്നരാജൻ, ഡോ.പി.ടി അനു തുടങ്ങിയവർ പ്രഭാഷണവും നടത്തും. നാളെ രാവിലെ 10.30ന് ആശാൻ കവിതകളെ കുറിച്ചുള്ള ചർച്ച പരിപാടി അഡ്വ. പ്രമ്രോദ് നാരായൺ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സ്വാമി ഗുരുപ്രകാശവും പ്രൊഫ. മാലൂർ മുരളീധരനും പ്രഭാഷണം നടത്തും.