 
മല്ലപ്പള്ളി : താലൂക്കിലെ മൂന്ന് വില്ലേജ് ഓഫീസുകൾ സ്മാർട്ടാകുന്നു. എഴുമറ്റൂർ, പുറമറ്റം, കോട്ടാങ്ങൽ വില്ലേജുകളാണ് ആധുനിക സംവിധാനങ്ങളോടെ സ്മാർട്ട് വില്ലേജുകളാകുന്നത്. 2019 - 20 സാമ്പത്തിക വർഷത്തെ റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 1375 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ 44 ലക്ഷം രൂപയുടെ നിർമ്മാണ അനുമതിയാണ് ഓരോ ഒാഫീസിനും ലഭിച്ചിട്ടുള്ളത്. കോട്ടാങ്ങൽ, പുറമറ്റം വില്ലേജുകളുടെ പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റിയെങ്കിലും നിർമ്മാണം ആരംഭിച്ചില്ല. 30 വർഷം പഴക്കമുളള എഴുമറ്റൂരിലെ വില്ലേജ് ഓഫീസ് കെട്ടിടം പൊളിച്ചുനീക്കിയ സ്ഥലത്താണ് പുനർ നിർമ്മാണം നടക്കുന്നത്. കോഴഞ്ചേരി നിർമ്മിതി കേന്ദ്രത്തിനാണ് നിർമ്മാണ ചുമതല. പുതിയ കെട്ടിടത്തിൽ വില്ലേജ് ഓഫീസറുടെ മുറിയും, ജീവനക്കാർക്കായി ഗ്ലാസ് പ്ലാന്റേഷൻ ചെയ്ത ഹാളും, റെക്കാഡ് റൂമും, ഗുണഭോക്താക്കൾക്കായി വിശ്രമമുറിയും അനുബന്ധ ശുചി മുറികളും ഉൾപ്പെടെ ആധുനിക സംവിധാനങ്ങളുണ്ടാകും. 6 മാസത്തിനുള്ളിൽ നിർമ്മാണംപൂർത്തീക്കുകയാണ് ലക്ഷ്യം.