അടൂർ: ഭർതൃവീട്ടിൽ യുവതി മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് യുവതിയുടെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകി. പള്ളിക്കൽ ഇളംപള്ളിൽ വൈഷ്ണവം (മുകളയ്യത്ത്) ലക്ഷ്മി പിള്ള(24)യെയാണ് കഴിഞ്ഞ 20 ന് ചടയമംഗലത്തെ ഭർത്തൃ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടത്. യുവതിയുടെ ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ യുവതിയുടെ അമ്മ രമാദേവി പരാതിയുമായി എത്തിയെങ്കിലും സംഭവം നടന്ന് അഞ്ചാം ദിവസമാണ് ഭർത്താവ് ചടയമംഗലം അക്കോണം മണ്ണാപറമ്പിൽ പ്ലാവിളയിൽ വീട്ടിൽ ഹരി ആർ .എസ് കൃഷ്ണയെ പൊലീസ് അറസ്റ്റുചെയ്തത്. ഹരിയുടെ അമ്മ, അമ്മയുടെ സഹോദരിമാർ , സഹോദരി പുത്രി , പിതാവിന്റെ സഹോദരി എന്നിവർക്കെതിരെയും രമാദേവി മൊഴി നൽകിയെങ്കിലും ഇവർക്കെതിരെ നടപടി ഉണ്ടായില്ല. 2021 സെപ്തംബർ 9 നായിരുന്നു ലക്ഷ്മി പിള്ളയുടെ വിവാഹം. കൂടുതൽ പണത്തിന് വേണ്ടി മകളുമായി ഹരിയും കുടുംബവും നിരന്തരം വഴക്കിട്ടിരുന്നതായാണ് പരാതി. 20-ന് ഉച്ചയ്ക്ക് രമാദേവിയെ ഫോണിൽ വിളിച്ച ഹരി ലക്ഷ്മി കതക് തുറക്കുന്നില്ലെന്നും ചടയമംഗലത്തെ വീട്ടിൽ എത്തണമെന്നും ആവശ്യപ്പെട്ടു. അവിടെ എത്തിയപ്പോൾ മകളെ ആരൊക്കെയോ താങ്ങിക്കിടത്തുന്നതാണ് കണ്ടത്. മകൾ ആത്മഹത്യ ചെയ്യുകയില്ലെന്നും കൊലപ്പെടുത്തിയതാണെന്നും രമാദേവി ആരോപിക്കുന്നു.