she-auto

പത്തനംതിട്ട : സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപത്തെ ഓട്ടോ സ്റ്റാൻഡിൽ സ്ത്രീ - പുരുഷ സമത്വമില്ലാ. 2015ൽ ആരംഭിച്ച സ്ത്രീകളുടെ ഷീ ഓട്ടോയ്ക്ക് പുരുഷ ഡ്രൈവർമാരുടെ ഓട്ടോറിക്ഷകൾക്കടുത്ത് പാർക്ക് ചെയ്യാൻ ഇപ്പോഴും അനുവാദമില്ല. അന്നത്തെ നഗരസഭ ചെയർമാൻ എ.സുരേഷ് കുമാറാണ് നിർദ്ധന കുടുംബങ്ങളിലെ ഒൻപത് സ്ത്രീകൾക്ക്ഓട്ടോറിക്ഷകൾ അനുവദിച്ചത്.

പുരുഷൻമാരുടെ ഓട്ടോറിക്ഷകൾക്കടുത്ത് ഷീ ഓട്ടോകൾ പാർക്ക് ചെയ്യുന്നതിന്റെ പേരിൽ തർക്കവും വഴക്കും നടന്നിരുന്നു. പിന്നീട്, നഗരസഭ മുൻകൈയെടുത്ത് ഷീ ഓട്ടോയ്ക്ക് നഗരസഭാ ഓപ്പൺ സ്റ്റേജിന് സമീപം പ്രത്യേകം പാർക്കിംഗ് ഏരിയ തിരിച്ചുകൊടുത്തു. ജില്ലയിൽ പല ഓട്ടോ സ്റ്റാൻഡുകളിലും പുരുഷൻമാരുടെ ഓട്ടോറിക്ഷകൾക്കൊപ്പമാണ് എണ്ണത്തിൽ കുറവായ സ്ത്രീകളുടെ ഓട്ടോകളും പാർക്ക് ചെയ്യുന്നത്. ഓമല്ലൂർ പുത്തൻപീടികയിലും വള്ളിക്കോട് ജംഗ്ഷനിലും ഈ സ്ത്രീ - പുരുഷ സമത്വം കാണാം. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിൽ എന്തുകൊണ്ട് രണ്ടിടത്ത് എന്നുചോദിച്ചാൽ അധികൃതർക്ക് ഉത്തരമില്ല. വിലാസിനി, സുചിത്ര, സിന്ധു, പ്രിയ, സ്റ്റെവി എന്നിവരാണ് നഗരത്തിലെ ഷീ ഓട്ടോറിക്ഷക്കാർ. നാല് പേർ ഇപ്പോൾ ഓട്ടോറിക്ഷ ഓടിക്കുന്നില്ല.

ഒരേ സ്റ്റാൻഡിൽ വേറിട്ട് പാർക്ക് ചെയ്യുകയാണെങ്കിലും അന്നന്നത്തെ ജീവിതച്ചെലവിനുള്ള ഓട്ടം കിട്ടുമെന്ന് വിലാസിനി പറയുന്നു. ഓട്ടോ ഓടിച്ചുണ്ടാക്കിയ വരുമാനത്തിൽ നിന്ന് രണ്ട് മക്കളുടെ വിദ്യാഭ്യാസച്ചെലവിന് ഒരു വിഹിതം മാറ്റിവയ്ക്കുന്നു. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഓട്ടം.