 
തിരുവല്ല : നഗരത്തിലെ മിക്ക ഓട്ടോസ്റ്റാൻഡുകളും യാത്രക്കാർക്ക് തണലേകിയും ഇരിപ്പിടങ്ങൾ ഒരുക്കിയും പരിസ്ഥിതി സൗഹൃദമാണ്. കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന് മുന്നിൽ എം.സി റോഡിലെ നടപ്പാതയിൽ അഞ്ച് ബദാം മരമാണ് പൊരിവെയിലിൽ യാത്രക്കാർക്ക് ആശ്വാസമേകി നിൽക്കുന്നത്. വഴിയരികിൽ പച്ചവിരിച്ച് നിൽക്കുന്ന ഈ മരങ്ങളെല്ലാം വെള്ളമൊഴിച്ച് നട്ടുവളർത്തിയത് ഇവിടുത്തെ ഓട്ടോത്തൊഴിലാളികളാണ്. മുപ്പതോളം ഓട്ടോറിക്ഷ തൊഴിലാളികളാണ് പരിമിതമായ സ്ഥലത്ത് വൃത്തിയോടെ ഇതെല്ലാം കാത്തുസൂക്ഷിക്കുന്നത്. ചാലക്കുഴി ബസാറിന് സമീപത്ത് തൊഴിലാളികൾ നട്ടുവളർത്തിയ തണൽമരം ചില സാമൂഹ്യവിരുദ്ധർ രാത്രിയുടെ മറവിൽ മുറിച്ചുനീക്കിയത് വിവാദമുയർന്നിരുന്നു. മുറിച്ചുകളഞ്ഞ മരത്തിന്റെ അവശിഷ്ടങ്ങൾ ഇപ്പോഴും ഇവിടെനിന്ന് മാറ്റിയിട്ടില്ല. കിഴക്കൻമുത്തൂർ ജംഗ്‌ഷനിലെ ഓട്ടോറിക്ഷാ തൊഴിലാളികൾ വഴിയോരത്ത് ഇരിപ്പിടം ഒരുക്കിയിട്ടുണ്ട്. ഇവിടെ തണൽമരങ്ങളും നട്ടുവളർത്തി സംരക്ഷിക്കുന്നു. തിരുമൂലപുരം, ആഞ്ഞിലിമൂട് ജംഗ്‌ഷനുകളിലും ഓട്ടോത്തൊഴിലാളികൾ നിരവധി തണൽമരങ്ങൾ നട്ടുവളർത്തി പ്രകൃതിക്ക് കുടയൊരുക്കുന്നു.