d
പത്തനംതിട്ട ജനറൽ ആശുപത്രിക്ക് മുന്നിലെ ഒാട്ടോറിക്ഷ സ്റ്റാൻഡ്

പത്തനംതിട്ട : കത്തുന്ന വെയിലിൽ നിന്ന് രക്ഷതേടി പൂമരത്തണലിൽ പാർക്കുകയാണ് പത്തനംതിട്ട ജനറൽ ആശുപത്രിയ്ക്കു മുന്നിലെ ഒാട്ടോറിക്ഷകൾ. എൺപതോളം ഒാട്ടോറിക്ഷകളുണ്ട് ഇവിടെ. ആശുപത്രിയുടെ പഴയ കവാടത്തിൽ നിന്ന് ഒാട്ടോകളുടെ നിര നീണ്ട് പുതിയ കവാടത്തിനരികെയെത്തി. ആശുപത്രി വളപ്പിലെ മരങ്ങളിൽ ചേക്കേറുന്ന ദേശാടനപക്ഷികളുടെ കാഷ്ഠം ഒാട്ടോറിക്ഷകൾക്കു മുകളിൽ പതിക്കുന്നത് ഒഴിവാക്കാൻ മരക്കൊമ്പ് വെട്ടിമാറ്റിയപ്പോൾ ചൂട് കടുത്തു. ഇതിന് പരിഹാരമായി ഒാട്ടോ ഡ്രൈവർമാർ മൂന്ന് വർഷം മുൻപ് നട്ടുവളർത്തിയതാണ് ഇൗ പൂമരങ്ങൾ.

ഒാട്ടോഡ്രൈവർമാർക്ക് മാത്രമല്ല, ഫുട്പാത്തിലൂടെ നടന്നു പോകുന്നവർക്കും ആശുപത്രിവളപ്പിൽ നിൽക്കുന്നവർക്കും പൂമരങ്ങൾ തണലാകുന്നു. അതിൽ കൂടുവച്ചു പാർക്കാൻ കുരുവികളുമുണ്ട്.

അശരണർക്കും തണലാണ് ഇവിടുത്തെ ഒാട്ടോറിക്ഷകൾ. ഒാട്ടത്തിനിടെ വഴിയിൽ അപകടം കണ്ടാൽ പരിക്കേറ്റവരെ ജനറൽ ആശുപത്രി​യിലെത്തിക്കുന്നതിനും ഒാട്ടോ ഡ്രൈവർമാർ മുന്നിലുണ്ട്. നിരവധിയാളുകളെ ഇങ്ങനെ ആശുപത്രിയിലെത്തിച്ചിട്ടുണ്ടെന്ന് ഇരുപത് വർഷമായി സ്റ്റാൻഡിലുള്ള ഒാട്ടോഡ്രൈവർ ചാക്കോ പറഞ്ഞു.