ബഹിഷ്കരണം ഇൗ മാസം 10 മുതൽ
പത്തനംതിട്ട: സർക്കാർ കരാറുകാർ ഇൗ മാസം 10 മുതൽ ടെൻഡറുകൾ ബഹിഷ്‌കരിക്കും. ശബരിമല തീർത്ഥാടനത്തിന്റെ മുന്നൊരുക്കം ഉൾപ്പെടെ അടിയന്തരമായി ചെയ്തു തീർക്കേണ്ട നിർമാണങ്ങളെ ബഹിഷ്കരണം ബാധിക്കും.
നിർമാണ കരാർ മേഖലയിലെ എല്ലാ തെറ്റുകളുടെയും പാപഭാരം കരാറുകാരുടെ മേൽ കെട്ടിവയ്ക്കുകയാണെന്ന് ഭാരവാഹികൾ ആരോപിച്ചു.. ഇപ്പോഴും 2018 ലെ നിരക്കുകളുടെ അടിസ്ഥാനത്തിലാണ് ടെൻഡറുകൾ അംഗീകരിക്കുന്നത്. 9500 രൂപ നൽകി വാങ്ങുന്ന ഒരു ബാരൽ ടാറിന് 6500 രൂപ മാത്രമാണ് മാസങ്ങൾക്കു ശേഷം ലഭിക്കുന്നത്. മറ്റു നിർമ്മാണ വസ്തുക്കളുടെയും കൂലിയുടെയും സ്ഥിതി ഭിന്നമല്ല. ഒരു മേസ്തിരിക്ക് 738 രൂപയാണ് സർക്കാർ നിശ്ചയിച്ചിട്ടുള്ളത്. ഈ തുകയ്ക്ക് ജോലി ചെയ്യാൻ ആളെ കിട്ടില്ല. ഓരോ വർഷവും നിരക്ക് പുതുക്കണം. റോഡിലെ ഗതാഗത തിരക്കോ വാഹനങ്ങളുടെ കേവുഭാരമോ കണക്കിലെടുക്കാതെയാണ് അടങ്കലുകൾ തയ്യാറാക്കുന്നത്. എൻജീനിയറിംഗ് തത്വങ്ങൾ അവഗണിക്കപ്പെടുകയാണ്. ഇത് കാരണം റോഡുകൾ വേഗത്തിൽ തകരുന്നു. ഇതൊന്നും പരിഗണിക്കാതെയാണ് കരാറുകാരനെ കരിമ്പട്ടികയിൽപെടുത്തുന്നത്. മേഖലയിലെ പ്രശ്‌നങ്ങൾ യാഥാർത്ഥ്യ ബോധത്തോടു കൂടി കാണാനും പരിഹരിക്കാനും സർക്കാർ തയ്യാറാകണം. വിഷയങ്ങൾക്ക് പരിഹാരം കണ്ടില്ലെങ്കിൽ 10 മുതൽ പൊതുമരാമത്ത് വിളിക്കുന്ന എല്ലാവിധ പണികളുടെയും ടെൻഡറുകൾ ബഹിഷ്‌കരിക്കും ഡിസംബർ ഒന്നു മുതൽ റണ്ണിംഗ് കോൺട്രാക്ട് ഉൾപ്പെടെയുള്ള എല്ലാ പണികളും നിറുത്തിവയ്ക്കും.
വാർത്താസമ്മേളനത്തിൽ കേരള ഗവൺമെന്റ് കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി തോമസുകുട്ടി തേവരുമുറിയിൽ , കോൺട്രാക്ട് അസോസിയേഷൻ ഏകോപനസമിതി ജില്ലാ ചെയർമാൻ പ്രസാദ് മാത്യു കുറ്റിക്കാട്ടിൽ , ജില്ലാ കൺവീനർ സാബു എബ്രഹാം കണ്ണംകുഴയത്ത്, ഏകോപനസമിതി വൈസ് പ്രസിഡന്റ് കൃഷ്ണകുമാർ കെ.ആർ എന്നിവർ പങ്കെടുത്തു.
കരാറുകാരുടെ ആവശ്യങ്ങൾ
2018 ലെ കേന്ദ്ര പൊതുമരാമത്ത് പട്ടിക നിരക്കുകൾക്ക് പകരം 2021 ലെ നിരക്കുകൾ നടപ്പാക്കുക.
അടങ്കൽ തുകയോ പൂർത്തിയാക്കൽ കാലാവധിയോ കണക്കിലെടുക്കാതെ എല്ലാ പ്രവർത്തികൾക്കും വില വ്യതിയാന വ്യവസ്ഥ ബാധകമാക്കുക.
5 ലക്ഷം രൂപ വരെ അടങ്കൽ വരുന്ന പ്രവർത്തികളെ ഇ ടെൻഡറിൽ നിന്ന് ഒഴിവാക്കുക.
ടാറിന് വിലവ്യത്യാസം നൽകാനുള്ള ഉത്തരവുകൾ നടപ്പാക്കുക.
ജി.എസ്.ടി നഷ്ടപരിഹാരം ഉടനെ നൽകുക.