abhirami
അഭിരാമി

പത്തനംതിട്ട: പേപ്പട്ടിയുടെ കടിയേറ്റ പന്ത്രണ്ട് വയസുകാരി​ അഭിരാമിക്ക് കൃത്യസമയത്ത് ചികിത്സ നൽകാതെ മരണത്തിലേക്ക് തള്ളിവിട്ട ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാത്തതി​ൽ ഒത്തുകളി.

അഭിരാമിക്ക് അടിയന്തര ചികിത്സ ലഭ്യമാക്കാൻ വൈകിയ പെരുനാട് കുടുംബാരോഗ്യകേന്ദ്രത്തിലെയും പത്തനംതിട്ട ജനറൽ ആശുപത്രിയിലെയും ഡോക്ടർമാർ അടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരെ മാതാപിതാക്കളും എസ്.എൻ.ഡി.പിയോഗവും പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. ആഗസ്റ്റ് 13ന് രാവിലെ വീടിന് സമീപം പാൽ വാങ്ങാൻ വഴിയിലൂടെ നടന്നുപോയ അഭിരാമിയെ പേപ്പട്ടി കടിക്കുകയായി​രുന്നു.

ജില്ലാ മെഡിക്കൽ ഒാഫീസറോട് റിപ്പോർട്ട് ചോദിച്ചിട്ടുണ്ടെന്നാണ് കഴിഞ്ഞ മാസം 13ന് ജില്ലാ കളക്ടർ എസ്.എൻ.ഡി.പി യോഗം നേതാക്കളെ അറിയിച്ചത്. ഇപ്പോൾ റിപ്പോർട്ട് ലഭിച്ചില്ലെന്ന് പറഞ്ഞ് കളക്ടർ കൈമലർത്തുകയാണ്. ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാടാണ് ആരോഗ്യ വകുപ്പിന്റേതെന്ന് ആരോപണമുണ്ട്. അഭിരാമിക്ക് അടിയന്തര ചികിത്സ നൽകാതെ വീഴ്ചവരുത്തിയവരെ മാറ്റിനിറുത്തി അന്വേഷണം നടത്തമെന്നായിരുന്നു യോഗം നേതാക്കളുടെ ആവശ്യം.

ഉദ്യോഗസ്ഥ വീഴ്ചകൾ ഇങ്ങനെ

പേപ്പട്ടിയുടെ ആക്രമണത്തിൽ നിലത്തുവീണ അഭിരാമിയുടെ മുഖത്തും കഴുത്തിലും കണ്ണിന് സമീപവും കടിയേറ്റതിനെ തുടർന്ന് മാതാപിതാക്കൾ പെരുനാട് ആശുപത്രിയിൽ എത്തിച്ചപ്പോൾ ചികിത്സ നൽകാൻ ആരും ഉണ്ടായില്ല. പെരുനാട് പൊലീസാണ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്താൻ വാഹനം ഏർപ്പാടാക്കിയത്. പെരുനാട് ആശുപത്രിയിൽ ആംബുലൻസിന് ഡ്രൈവർ ഇല്ലായിരുന്നു. ജനറൽ
ആശുപത്രിയിൽ ചികിത്സ ലഭിക്കാൻ മൂന്ന് മണിക്കൂറിലധികം കാത്തിരുന്നു. മുറിവ് വൃത്തിയാക്കാനുള്ള സോപ്പ് വാങ്ങാൻ മാതാപിതാക്കളെ പുറത്തേക്ക് പറഞ്ഞുവിട്ടു. അവരെക്കൊണ്ടു തന്നെ മുറിവ് കഴുകിച്ചു. പേവിഷബാധയുള്ള നായയാണ് കടിച്ചതെന്ന് സംശയം പറഞ്ഞിട്ടും ഡോക്ടർ കാര്യമായെടുത്തില്ല.

കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് അയയ്ക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഇവിടെ എല്ലാ സംവിധാനങ്ങളും ഉണ്ടെന്ന് മാതാപിതാക്കളെ പറഞ്ഞു വിശ്വസിപ്പിച്ചു. ആദ്യ വാക്‌സിന് ശേഷം 15ന് ഡിസ്ചാർജ് ചെയ്തു. 16നും 20നും പെരുനാട് പ്രൈമറി ഹെൽത്ത് സെന്ററിലെത്തി വാക്‌സിനെടുത്തു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് സെപ്തംബർ രണ്ടിന് കുട്ടിയെ വീണ്ടും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സെപ്തംബർ അഞ്ചിന് കുട്ടി​ മരി​ച്ചു.

ഡി.എം.ഒ ഒാഫീസ് മാർച്ച് നടത്തും:

റാന്നി യൂണിയൻ

അഭിരാമിയുടെ മരണം സംബന്ധിച്ച് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് എസ്.എൻ.ഡി.പി യോഗം റാന്നി യൂണിയൻ അഡ്മിനിസ്ട്രേറ്റർ അഡ്വ.മണ്ണടി മോഹനൻ, സംയുക്തസമിതി പ്രസിഡന്റ് പ്രമോദ് വാഴംകുഴി എന്നിവർ പറഞ്ഞു. ആരോഗ്യ വകുപ്പ് അധികൃതരോട് റിപ്പോർട്ട് ചോദിച്ചത് കിട്ടിയില്ലെന്ന് ജില്ലാ കളക്ടർ പറയുന്നു. ജില്ലയിലെ എല്ലാ എസ്.എൻ.ഡി.പി യോഗം യൂണിയനുകളെയും പങ്കെടുപ്പിച്ച് ജില്ലാ മെഡിക്കൽ ഒാഫീസിലേക്ക് മാർച്ച് നടത്തും. നീതി കിട്ടും വരെ ശക്തമായ പോരാട്ടം നടത്തും.