ചെങ്ങന്നൂർ: സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള ചാമ്പ്യൻസ് ബോട്ട് ലീഗ് നവംബർ 5 ന് പമ്പാനദിയിലെ ചെങ്ങന്നൂർ പാണ്ടനാട് നെട്ടായത്തിൽ നടത്തും. ഇതിന് മുന്നോടിയായി ചെങ്ങന്നൂർ മണ്ഡലത്തിലെ 10 പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റിയിലുമായി വിവിധ സാംസ്‌കാരിക കലാപരിപാടികൾ സംഘടിപ്പിക്കുമെന്ന് സജി ചെറിയാൻ എം.എൽ.എ പത്രസമ്മേളനത്തിൽ അറിയിച്ചു. ഒക്ടോബർ 23 ന് വൈകിട്ട് 3ന് പരുമല കടവിൽ ആരംഭിക്കുന്ന ഘോഷയാത്രയോടുകൂടി 10 ദിവസം നീണ്ടുനിൽക്കുന്ന മാന്നാർ മഹോത്സവം ദശരാത്രം എന്ന പേരിൽ നായർ സമാജം സ്‌കൂൾ ഗ്രൗണ്ടിൽ ആരംഭിക്കും. നാടൻ കരകൗശല ഉത്പന്നങ്ങൾ, ഭക്ഷ്യവിഭവങ്ങൾ, പുസ്തകങ്ങൾ എന്നിവയുടെ പ്രദർശന വിപണന മേളയും നടക്കും. 24 മുതൽ 4 ദിവസം നീണ്ടു നിൽക്കുന്ന ചെങ്ങന്നൂരാദിയെ അനുസ്മരിക്കുന്ന ആദിമഹോത്സവം പുലിയൂരിലും 25 മുതൽ 10 ദിവസം നീണ്ടുനിൽക്കുന്ന പഴയകാല ചലച്ചിത്രങ്ങളുടെ പ്രദർശനം സന്തോഷ് ടാക്കീസ് എന്ന പേരിൽ മുണ്ടൻകാവിലും നടക്കും. ചെങ്ങന്നൂർ മുനിസിലിറ്റിയിൽ 3 ദിവസങ്ങളിലും മറ്റു പഞ്ചായത്തുകളിൽ രണ്ട് ദിവസങ്ങളിലും വിവിധ പരിപാടികൾ അരങ്ങേറും. സമ്മേളന വേദികളിലും ചെങ്ങന്നൂർ മണ്ഡലത്തിലെ വിവിധ കലാലയങ്ങളിലുമായി 15 സെമിനാറുകളും സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി നടക്കും. 45 ഗോത്രകലകൾ, 2 നാടകങ്ങൾ, 11 ക്ലാസിക്കൽ കലാരൂപങ്ങൾ, കഥാപ്രസംഗങ്ങൾ, നാടൻപാട്ടുകൾ, കവിയരങ്ങുകൾ, കഥാമേളകൾ, ഗാനമേളകൾ എന്നിങ്ങനെ 115 പരിപാടികൾ 25 വേദികളിൽ 14 ദിവസങ്ങളിലായി ചെങ്ങന്നൂർ നിയോജക മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കും. മന്ത്രിമാർ, സാംസ്‌കാരിക നായകർ, സിനിമ താരങ്ങൾ, രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകൾ തുടങ്ങിയവർ പങ്കെടുക്കും. കൾച്ചറൽ കമ്മിറ്റി ചെയർമാൻ ഒ .എസ് ഉണ്ണികൃഷ്ണൻ, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ ജി. വിവേക്, റിസപ്ഷൻ കമ്മിറ്റി കൺവീനർ ജി. കൃഷ്ണകുമാർ , സുരേഷ് മത്തായി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.