
അടൂർ : കീരുകുഴി ഒാട്ടോസ്റ്റാൻഡിൽ ഒരു അപൂർവ സൗഹൃദമുണ്ട്. ഒാട്ടോറിക്ഷ ഡ്രൈവർ അജയനും ഇക്രു എന്ന തെരുവ് നായയും തമ്മിൽ. ദിവസവും അജയനെ കാത്ത് നായ അടൂർ കെ.എസ്.ആർ.ടി.സി ജംഗ്ഷനിലുണ്ടാകും. സെൻട്രൽ ജംഗ്ഷനിലെത്തുമ്പോൾ അജയൻ തന്റെ വാഹനത്തിന്റെ ഹോൺ മുഴക്കും. നിമിഷനേരംകൊണ്ട് പാലത്തിനടുത്ത് എത്തുമ്പോഴേക്കും ഇക്രു വാലാട്ടി വാഹനത്തിന് മുന്നിലെത്തി നമസ്കരിക്കും. തുടർന്ന് പിൻസീറ്റിൽ കയറി ഒരൊറ്റ കിടപ്പാണ്. പിന്നീട് അജയന് പോകണമെന്ന് പറയുമ്പോൾ മാത്രമാണ് ഇക്രു ഒാട്ടോറിക്ഷ വിട്ടിറങ്ങുക. ഇക്രുവിനാവശ്യമായ ഭക്ഷണവും അജയൻ വാങ്ങിനൽകും. കഴിഞ്ഞ ആറ് വർഷമായി ഇൗ ബന്ധം തുടരുകയാണ്. ഒാരോ ആറ് മാസവും ഇക്രുവിനെ മൃഗാശുപത്രിയിലെത്തിച്ച് പേവിഷബാധയ്ക്ക് എതിരായ കുത്തിവയ്പ്പ് നൽകാനും അജയൻ മറക്കാറില്ല. ഏതാനും ദിവസം മുൻപും കുത്തിവയ്പ്പിന് വിധേയനാക്കി. ലോക്ക് ഡൗൺ കാലത്ത് ടൗണിൽ ഇക്രു പൊലീസുകാരുടെയും പ്രിയപ്പെട്ടവനായിരുന്നു. വാഹനങ്ങൾ പൊലീസ് പരിശോധിക്കുമ്പോൾ ഇക്രുവും ഒപ്പം ഉണ്ടാകും. വാഹനം നിറുത്താതെ പോയാൽ കുരച്ചുകൊണ്ട് പിന്നാലെ പായും.