കോഴഞ്ചേരി: കോഴഞ്ചേരി പഞ്ചായത്തിലെ നാലാം വാർഡിൽ ഓഗസ്റ്റ് 26ന് ഉണ്ടായ മണ്ണിടിച്ചിൽ സംബന്ധിച്ച്്് വാർഡ് മെമ്പർ ബിജോ പി. മാത്യുവിന്റെയും, മേലുകര നിവാസികളുടെയും നേതൃത്വത്തിൽ കളക്ടക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് അംഗം ബിജിലി പി. ഈശോ, റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരും, മണ്ണ് സംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥരും, മൈനിംഗ് ആൻഡ് ജിയോളജി വകുപ്പും, താലൂക്കിലെ ഉയർന്ന ഉദ്യോഗസ്ഥരും സംയുക്തമായി സ്ഥലം സന്ദർശിച്ചു. പ്രാഥമിക പരിശോധനയിൽ മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്തിന്റെ മുകളിലുള്ള റബറും തോട്ടത്തിൽ മഴക്കുഴി എടുത്തിരുന്നു. ഇവിടെ താണ വെള്ളമാണ് പൊട്ടി വെളിയിലേക്ക് വന്നതെന്ന് ഉദ്യോഗസ്ഥർ പ്രാഥമിക പരിശോധനയിലെ നിഗമനത്തിൽ എത്തിച്ചേർന്നു. കളക്ടർക്ക് റിപ്പോർട്ട് കൊടുക്കുന്നതോടുകൂടി കൂടുതൽ കാര്യങ്ങൾ വ്യക്തമാകും. 32 വീടുകളിലായി 120 ആളുകൾ തിങ്ങിപ്പാർക്കുന്ന മേലുകര ലക്ഷം വീട് നിവാസികൾക്ക് ആശ്വാസകരമാണ് ഈ വാർത്ത. വരും ദിവസങ്ങളിൽ മഴ സമയത്ത് പ്രദേശത്ത് കൂടുതൽ സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്താനും സംഘം തീരുമാനിച്ചു.